മല്യയെയും നീരവിനെയും കുടുക്കാനൊരുങ്ങി ഇന്ത്യ; ഉന്നത തല സംഘം യുകെയിലേക്ക്

യുകെയിൽ ഇവർക്കുള്ള സ്വത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് സംഘം ശ്രമിക്കുന്നത്.
വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി
വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി
Updated on

ന്യൂഡൽഹി: കോടികളുടെ തട്ടിപ്പുകേസിൽ പ്രതികളായതിനു പിന്നാലെ രാജ്യം വിട്ട വിജയ് മല്യ, നീരവ് മോദി, സഞ്ജയ് ഭണ്ഡാരി എന്നിവരെ പിടികൂടി രാജ്യത്തേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഇന്ത്യ. വിവിധ തട്ടിപ്പു കേസുകളിൽ പ്രതികളായവരെ പിടി കൂടുന്നതിനായി ഇഡി-സിബിഐ- എൻഐഎ ഉന്നതതല സംഘം ഉടൻ തന്നെ ബ്രിട്ടനിലേക്ക് പുറപ്പെടും. യുകെയിൽ ഇവർക്കുള്ള സ്വത്തിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് സംഘം ശ്രമിക്കുന്നത്. വിദേശകാര്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ലണ്ടനിലെ ഇവരുടെ സ്വത്തിനെയും മറ്റു ബാങ്ക് ഇടപാടുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ യുകെ അധികൃതരുമായി കൂടിക്കാഴ്ച സംഘടിപ്പിച്ചിട്ടുണ്ട്.

മല്യ, നീരവ് മോദി, ഭണ്ഡാരി എന്നിവരെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഇപ്പോൾ ലണ്ടനിലെ ഉന്നത കോടതികളിൽ തീർപ്പായിട്ടില്ല. ഇവരുടെ ഇന്ത്യയിലുള്ള സ്വത്തെല്ലാം ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് കരാർ ( എംഎൽഎടി) പ്രകാരം ഇവരുടെ സ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ ലണ്ടൻ കൈമാറുമെന്നാണ് പ്രതീക്ഷ.

കോടികളുടെ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ തട്ടിപ്പു നടത്തി കേസിലാണ് കിങ് ഫിഷർ ഉടമയായ വിജയ് മല്യ അന്വേഷണം നേരിടുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 6,500 കോടി രൂപ വായ്പ എടുത്തതിനു ശേഷമാണ് വജ്രവ്യാപാരിയായ നീരവ് മോദി രാജ്യം വിട്ടത്.

ആയുധവ്യാപാരിയായ സഞ്ജയ് ഭണ്ഡാരി 2016ലാണ് രാജ്യം വിട്ടത്. ഭണ്ഡാരി യുപിഎ ഭരണകാലത്ത് നടത്തിയ വിവിധ പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് ഇഡി എന്നിവർ അന്വേഷണം ആരംഭിച്ചിരുന്നു. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, ഭർത്താവ് റോബർട്ട് വാദ്ര എന്നിവരുമായി അടുത്ത ബന്ധമുള്ളയാണാണ് ഭണ്ഡാരി. ഇയാൾ ലണ്ടനിലും ദുബായിലും നിരവധി സ്വത്തുക്കൾ സ്വന്തമാക്കുകയും സിസി തമ്പി എന്ന പേരിലുള്ള കടലാസു കമ്പനിയിലേക്ക് എഴുതു നൽകുകയും ചെയ്തുവെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com