തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോയി; രാഷ്ട്രീയ നാടകമെന്ന് ബിജെപി

കമ്മീഷൻ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്ന് മമത ബാനർജി
Mamata Banerjee walks out during meeting with Election Commissioner

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചക്കിടെ മമത ബാനർജി ഇറങ്ങിപ്പോരുന്നു

Updated on

ന്യൂഡൽഹി: വോട്ടർപട്ടിക തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇറങ്ങിപ്പോയി. പശ്ചിമബംഗാളിലെ എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഡൽഹിയിൽ നടന്ന യോഗത്തിനിടെയാണ് മമത ഇറങ്ങിപ്പോയത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അപമാനിച്ചെന്നും എസ്ഐആർ നടപടി നേരിട്ട കുടുംബാംഗങ്ങളുടെ പരാതി കേൾക്കാൻ തയ്യാറായില്ലെന്നും മമത ആരോപിച്ചു. മുതിർ‌ന്ന തൃണമൂൽ നേതാക്കൾ, എസ്ഐആർ നടപടി നേരിട്ട കുടുംബാംഗങ്ങൾ‌ എന്നിവരുമൊത്താണ് മമത ഡൽഹിയിലെത്തിയത്.

യോഗം ആരംഭിച്ച് ഉടൻ തന്നെ മമതയും കൂട്ടരും ഇറങ്ങിപ്പോരുക‍യായിരുന്നു. കമ്മീഷൻ ഒന്നും കേൾക്കാൻ തയ്യാറായില്ലെന്നും, ഇങ്ങനൊരു കമ്മീഷനെ ഇതുവരെ കണ്ടിട്ടില്ലെന്നും മമത പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിനെ മനപൂർവം ലക്ഷ്യമിടുകയാണെന്നും മമത ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എസ്ഐആർ നടപടിയുമായി മുന്നോട്ട് പോകുന്നത്. ബിജെപി ഭരിക്കുന്ന അസമിൽ എസ്ഐആർ നടപടിയില്ലെന്നും മമത പറഞ്ഞു. ബംഗാളിലെ വോട്ടർപട്ടിക‍യിൽ നിന്ന് 58 ലക്ഷം പേരുകളാണ് നീക്കം ചെയ്തത്. കൃത്യമായ വിശദീകരണം നൽകാൻ അവസരം നൽകാതെയാണ് പേരുകൾ തുടച്ചുനീക്കിയത്. എസ്ഐആർ നടപടിയുടെ പേരിൽ 140 മരണമാണ് സംസ്ഥാനത്ത് സംഭവിച്ചതെന്നും മമത ആരോപിച്ചു.

അതേസമയം മമതയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ കാര്യങ്ങൾ കേൾക്കുന്നതിനിടെ മമത ചൂടാവുകയും ബഹളംവെച്ച് മേശപ്പുറത്ത് അടിച്ചശേഷം പുറത്തേക്ക് പോകുകയായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥരോട് തൃണമൂൽ നേതാക്കളും മമതയും അനാവശ്യമായി തട്ടിക്കയറിയതായും ഇവർ ആരോപിച്ചു. ഡൽഹിയിൽ നടന്നത് രാഷ്ട്രീയ നാടകമാണെന്ന് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com