

മമത ബാനർജി
കൊൽക്കത്ത: ബംഗാളിൽ ഇഡി റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐപാക്കിലാണ് ഇഡി റെയ്ഡ് നടത്തിയത്. അന്വേഷണ ഏജൻസികളെ ബിജെപി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബംഗാൾ പിടിക്കാമെന്നത് ബിജെപിയുടെ വ്യാമോഹമാണെന്നും മമത പറഞ്ഞു. ഐപാക്ക് മേധാവി പ്രതീക് ജെയിനിന്‍റെ വസതിയിലും ഇഡി റെയ്ഡ് നടത്തി. ഇവിടെക്കാണ് മുഖ്യമന്ത്രി എത്തിയത്.
ജെയിനിന്‍റെ വസതിയിൽ അരമണിക്കൂറോളം മമത ചെലവഴിച്ചു. ഇതിന് ശേഷമാണ് മമത കേന്ദ്രസർക്കാരിനെതിരേ ആഞ്ഞടിച്ചത്. പാർട്ടിയുടെ നിർണായക രേഖകളുമായാണ് മമത ഇവിടേക്ക് വന്നത്.
എന്‍റെ ഐടി സെൽ ഓഫീസ് ഇഡി റെയ്ഡ് ചെയ്യുകയും അതിന്‍റെ ചുമതലയുള്ളയാളുടെ വസതിയിൽ പരിശോധന നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ ചോർത്തനാണ് റെയ്ഡ്. എന്‍റെ പാർട്ടിയുമായി ബന്ധപ്പെട്ട രേഖകൾ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അത് ഞാൻ അവിടെ നിന്നും എടുത്തുകൊണ്ടുവന്നിട്ടുണ്ടെന്നും മമത പറഞ്ഞു.
ഹാർഡ് ഡിസ്കുകൾ, മൊബൈൽ ഫോണുകൾ, സ്ഥാനാർഥി പട്ടികകൾ, മറ്റ് രേഖകൾ എന്നിവ പിടിച്ചെടുക്കാൻ ശ്രമിച്ചു. രാഷ്ട്രീയ പാർട്ടിയുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഇഡിയുടെ കടമയാണോയെന്നും മമത ചോദിച്ചു. എന്നാൽ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി വ്യക്തമാക്കിയിട്ടില്ല. മമതയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്തെത്തി. റെയ്ഡിനിടെ ജെയിനിന്‍റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചത് ഭരണഘടനാവിരുദ്ധവും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.