
ബംഗളൂരു: ഡോക്റ്ററെന്നും എൻജിനീയറമെന്നുമെല്ലാം തെറ്റിദ്ധരിപ്പിച്ച് പതിനഞ്ചിലധികം സ്ത്രീകളെ വിവാഹം കഴിഞ്ഞയാൾ ബംഗളൂരുവിൽ അറസ്റ്റിലായി. നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ കൂടി സാധിച്ചിരുന്നെങ്കിൽ ഇയാൾ ഇതിലധികം സ്ത്രീകളെ ചതിയിൽപ്പെടുത്തുമായിരുന്നു എന്ന് പൊലീസ്.
മാട്രിമോണിയൽ വെബ്സൈറ്റുകൾ ഉപയോഗിച്ചാണ് മഹേഷ് കെ.ബി. നായക എന്ന യുവാവ് ഇരകളെ കണ്ടെത്തിയിരുന്നത്. 2014 മുതൽ ഇതുവരെ 15 സ്ത്രീകളെ വിവാഹം കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഡോക്റ്ററാണെന്ന അവകാശവാദം തെളിയിക്കാൻ വ്യാജ ക്ലിനിക്ക് സ്ഥാപിച്ച് നഴ്സിനെ വരെ നിയമിച്ചിരുന്നു.
ഇയാളുടെ തട്ടിപ്പിന് ഇരയായി വിവാഹം കഴിച്ച സോഫ്റ്റ്‌വെയർ എൻജിനീയറായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റിലായത്. ഒരു വർഷം മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താൻ സിറ്റി പൊലീസ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതിനിടെ രണ്ടാമതൊരു സ്ത്രീ കൂടി പരാതിയുമായെത്തി. മറ്റു ചിലർ കൂടി തട്ടിപ്പ് മനസിലാക്കിയിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പരാതിപ്പെടാൻ മടിക്കുകയായിരുന്നു.
ഇയാൾ വിവാഹം കഴിച്ച സ്ത്രീകളിൽ നാലു പേർക്ക് കുട്ടികളുമായി. സ്ഥിരമായി ആരുടെയും അടുത്ത് ഇയാൾ പോയിരുന്നില്ല. വിവാഹം കഴിക്കാൻ തെരഞ്ഞെടുത്തിരുന്ന നല്ല ജോലിയുള്ള സ്ത്രീകളെ ആയിരുന്നതിനാൽ അവർക്കാർക്കും ഇയാളുടെ സാമ്പത്തിക സഹായവും ആവശ്യം വന്നിരുന്നില്ല. സ്വന്തം ആവശ്യത്തിന് ഇവരിൽ നിന്ന് സ്വർണവും പണവും ഇയാൾ കൈക്കലാക്കുകയും ചെയ്തിരുന്നു.