
കോയമ്പത്തൂർ: കാട്ടാനയ്ക്കു മുന്നിൽ കൈകൂപ്പിയും നെഞ്ചുവിരിച്ചും നിന്നു സമൂഹമാധ്യമങ്ങളിൽ വൈറലായ തമിഴ്നാട് സ്വദേശിയെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ധർമപുരിയിലെ ഹൊഗ്ഗനക്കൽ വനത്തിലൂടെയുള്ള റോഡിൽ കാട്ടാനയ്ക്കു മുന്നിൽ സാഹസം കാണിച്ച പെന്നഗരം സ്വദേശി കെ. മുരുഗേശനാണ് അറസ്റ്റിലായത്.
ഇയാൾക്കെതിരേ തമിഴ്നാട് വനം, വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം അതിക്രമിച്ചു കയറിയതിനും വന്യജീവികളെ പ്രകോപിപ്പിച്ചതിനുമടക്കം കേസെടുത്തു. മദ്യലഹരിയിലാണ് ഇയാൾ കാട്ടാനയെ പ്രകോപിപ്പിച്ചതെന്ന് അധികൃതർ.
വെള്ള ഷർട്ടും വെള്ള മുണ്ടും തോളിൽ വേഷ്ടിയും ധരിച്ച മുരുഗേശൻ ഹൊഗ്ഗനക്കൽ റോഡിന്റെ അരികിൽ നിന്ന കാട്ടുകൊമ്പനെ പ്രകോപിപ്പിക്കുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയൊ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പാഞ്ഞടുക്കുന്ന ആനയ്ക്കു മുന്നിൽ കുലുങ്ങാതെ നിൽക്കുകയായിരുന്നു മുരുകേശൻ. ആന പിന്തിരിയുന്നതും ദൃശ്യത്തിലുണ്ട്. മുരുകേശനോട് ആനയെ പ്രകോപിപ്പിക്കരുതെന്ന് ആളുകൾ പറയുന്നതും കേൾക്കാം.
""വ്യാഴാഴ്ചയാണ് ഞങ്ങൾക്ക് ഇതേക്കുറിച്ചു പരാതി ലഭിച്ചത്. ഞങ്ങൾ വിഡിയൊ പരിശോധിച്ച് വ്യക്തിയെ തിരിച്ചറിഞ്ഞു. അയാൾ വിനോദസഞ്ചാരിയല്ല. ഇരുചക്ര വാഹനത്തിൽ ഈ വഴി വന്ന നാട്ടുകാരനാണ്. മദ്യലഹരിയിലാണ് ഇയാൾ ഈ പ്രവൃത്തി ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു''- വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഞങ്ങൾ വിഡിയൊ പരിശോധിച്ച് വ്യക്തിയെ തിരിച്ചറിഞ്ഞു. അയാൾ വിനോദസഞ്ചാരിയല്ല. ഇരുചക്ര വാഹനത്തിൽ ഈ വഴി വന്ന നാട്ടുകാരനാണ്.
വനം വകുപ്പ് ഉദ്യോഗസ്ഥൻ
ഇരുവശവും കൊടുംകാടുള്ള ഈ റോഡ് മുറിച്ചുകടന്ന് ആനകളുടെ സഞ്ചാരം പതിവാണ്. ആനകളെ ശല്യപ്പെടുത്തരുതെന്ന് യാത്രക്കാർക്ക് വനംവകുപ്പ് മുന്നറിയിപ്പു നൽകാറുമുണ്ട്.