
മാനസി | ശങ്കർ
ബംഗളൂരു: ഭാര്യയുടെ അറുത്തുമാറ്റിയ തലയുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്ത യുവാവ് അറസ്റ്റിൽ. കര്‍ണാടകയിലെ അനേക്കല്‍ താലൂക്കിലെ ഹീലാലിഗെ ഗ്രാമത്തിനടുത്തുള്ള ഹൈവേയിൽ വെള്ളിയാഴ്ച (June 06) രാത്രി 11.30ഓടെയാണ് സംഭവം. കൊലപാതകത്തിൽ ബെംഗളൂരു ഹെബ്ബഗൊഡി സ്വദേശിയായ ശങ്കറിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ മാനസയെ (26) ആണ് ഇയാൾ ക്രൂരമായി കൊലപ്പെടുത്തിയത്.
"മേഖലയിലെ പതിവ് പെട്രോളിങ്ങിനിടെയാണ് ശങ്കര്‍ പിടിയിലാവുന്നത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു. ഇയാളെ പിന്തുടർന്ന് തടഞ്ഞ് നിർത്തി ചോദ്യം ചെയ്യാനെത്തിയപ്പോഴാണ് സ്‌കൂട്ടറിന്‍റെ ഫുട്‌ബോര്‍ഡില്‍ ഒരു സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തിയത്. ഇതാരാണെന്ന് ചോദിച്ചപ്പോൾ തന്‍റെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവ് ഭാവഭേദമില്ലാതെ മറുപടി നൽകി. പിന്നാലെ ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, ശനിയാഴ്ച പുലർച്ചെ 1.30 ഓടെ കേസ് രജിസ്റ്റർ ചെയ്തു" - അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
5 വർഷങ്ങൾക്ക് മുമ്പാണ് ശങ്കറും മാനസയും വിവാഹിതരാവുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇരുവർക്കും 3 വയസുള്ള ഒരു മകളുമുണ്ട്. ഹീലാലിഗെയിലെ ഒരു വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രതി അടുത്തിടെ കണ്ടെത്തിയിരുന്നു. ഇതിൽ പ്രകോപിതനായ ശങ്കർ ഭാര്യയോട് വീട് വിട്ടുപോകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിങ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു.
മകളെ കരുതി ഒത്തുതീർപ്പിന് ശ്രമിക്കാൻ കഴിഞ്ഞ ദിവസം ഇവർ തിരിച്ചെത്തിയപ്പോഴാണ് കൊലപാതകം നടന്നത്. ശനിയാഴ്ച ദിവസം വാക്കുതര്‍ത്തിനിടെ വീട്ടില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ശങ്കര്‍ മാസനയെ വകവരുത്തുകയായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.