

അമ്മയേയും സഹോദരിയേയും സഹോദരനേയും കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി 25കാരൻ
ന്യൂഡൽഹി: കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി യുവാവ്. ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് ദാരുണസംഭവമുണ്ടായത്. 25കാരനായ യഷ്‌വീർ സിങ്ങാണ് സ്വന്തം അമ്മയേയും സഹോദരങ്ങളേയും കൊലപ്പെടുത്തിയത്.
യഷ്‌വീർ സിങ്ങിന്‍റെ അമ്മ കവിത(46), സഹോദരി മേഘന(24), സഹോദരൻ മുകുൾ(14) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ യഷ്‌വീർ സിങ് ലക്ഷ്മി നഗർ പൊലീസ് സ്റ്റേഷനിൽ എത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി എന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്.
വിവരം അറിഞ്ഞ് യഷ്‌വീറിന്‍റെ വീട്ടിൽ എത്തിയ പൊലീസ് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.