
കോമയിലാണെന്ന് അധികൃതർ, പിന്നാലെ ഐസിയുവിൽ നിന്ന് രോഗി ഇറങ്ങിപ്പോയി; വൈറലായി ഒരു മെഡിക്കൽ തട്ടിപ്പ്
ന്യൂഡൽഹി: 'കോമയിലായ' രോഗി ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസിയുവിൽ നിന്ന് ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ രത്ലാമിലുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇതോടെ വലിയ ഒരു തട്ടിപ്പാണ് പുറത്തു വരുന്നത്.
രോഗി കോമയിലാണെന്നായിരുന്നു ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നത്. തുടർ ചികിത്സയ്ക്ക് വൻ തുക ആവശ്യമാണെന്നും, ഉടൻതന്നെ അത് അടയ്ക്കണമെന്നും അധികൃതർ അറിയിച്ചിരുന്നു. ഇതിനിടെയാണ് രോഗി ഡോക്‌റ്ററുടെയും നഴ്സുന്മാരുടെയും കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയത്. ഇതിന്‍റെ വീഡിയൊ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
നാട്ടിലുണ്ടായ സംഘർഷത്തിൽ പരുക്കേറ്റാണ് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റതിനാൽ ബോധം നഷ്ടപ്പെട്ടെന്നും കോമയിലാണെന്നുമാണ് ഡോക്‌റ്റർമാർ അറിയിച്ചിരുന്നത്. അടിയന്തരവും ചെലവേറിയതുമായ ചികിത്സ ആവശ്യമാണെന്നും അതിനായി ഉടൻ ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നും അധികൃതർ ബന്ധുക്കളോടു പറഞ്ഞു. പണത്തിനായി കുടുംബം നെട്ടോടമോടുന്നതിനിടെയാണ് യുവാവ് പുറത്തു വന്നത്.
അഞ്ച് ആശുപത്രി ജീവനക്കാർ ചേർന്ന് തന്നെ തടഞ്ഞു വച്ചിരിക്കുകയായിരുന്നെന്ന് യുവാവ് പറഞ്ഞു. യുവാവിന് ഡോക്‌റ്റർമാർ അറിയിച്ചതുപോലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് സൂചന. ഇതെത്തുടർന്ന് ആശുപത്രിക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
വലിയ മെഡിക്കൽ തട്ടിപ്പിനാണ് രോഗി ഇരയായതെന്നും ആശുപത്രിക്കെതിരേ കർശന നടപടി വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. സർക്കാർ ആശുപത്രിയിൽ മികച്ച സൗകര്യമൊരുക്കിയാൽ സ്വകാര്യ ആശുപത്രികളുടെ സമീപനത്തിൽ മാറ്റമുണ്ടാവുമെന്നും പ്രതികരണങ്ങളുണ്ട്.