പെട്രോളടിക്കുന്നതിനിടെ പുകവലിക്കുന്നത് തടഞ്ഞു, വണ്ടിക്ക് തീയിട്ട് യുവാവ് | Video
റായ്പൂർ: പെട്രോൾ അടിക്കുന്നതിനിടെ ബൈക്കിന് തീയിട്ട് യുവാവ്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. വണ്ടിയിൽ പെട്രോൾ അടിക്കുന്നതിനിടെ പുകവലിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ബൈക്കിൽ പെട്രോൾ അടിക്കാൻ രണ്ട് യുവാക്കൾ ഒന്നിച്ച് എത്തുകയായിരുന്നു. പെട്രോൾ ഒഴിക്കുന്നതിനിടെ കൂട്ടത്തിൽ ഒരാൾ സിഗരറ്റിന് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് വണ്ടി ഓടിച്ചിരുന്ന യുവാവ് ഇയാളെ തടയുകയും തള്ളിമാറ്റുകയും ചെയ്തു. ഇതിൽ പ്രകോപിതനായ യുവാവ് ലൈറ്റർ കത്തിച്ച് ബൈക്കിന് പെട്രോൾ ഒഴിക്കുന്ന ഭാഗത്തേക്ക് കൊണ്ടുവന്നു. ഇതോടെ ബൈക്കിനും പെട്രോൾ ഒഴിക്കുന്ന ഓസിനും തീ പിടിക്കുകയായിരുന്നു.
തീ പിടിച്ചതോടെ ബൈക്കിന് സമീപമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. പെട്രോൾ പമ്പ് ജീവനക്കാരന്‍റെ ഇടപെടലാണ് വലിയ അപകടങ്ങളുണ്ടാക്കാതിരുന്നത്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കില്ല. പെട്രോൾ പമ്പിലെ സുരക്ഷാമാനദണ്ഡം ലംഘിച്ചതിന് കുറ്റക്കാരനെതിരേ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
