മൻമോഹൻ സിങ്ങിനു പകരം പ്രണബ് മുഖർജി പ്രധാനമന്ത്രിയാകണമായിരുന്നു: മണിശങ്കർ അയ്യർ

സോണിയയെ നേരിൽ കാണാൻ പത്തുവർഷമായി അവസരം ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ സമയം ചെലവഴിക്കാൻ ഒരിക്കൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ
Mani Shankar Aiyer
മണിശങ്കർ അയ്യർ
Updated on

ന്യൂഡൽഹി: മൻമോഹൻ സിങ്ങിനെ രാഷ്‌ട്രപതിയാക്കി പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയാക്കിയിരുന്നെങ്കിൽ 2014ൽ കോൺഗ്രസിന് ദയനീയ പരാജയമുണ്ടാകുമായിരുന്നില്ലെന്നു മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. യുപിഎയുടെ മൂന്നാം സർക്കാർ രൂപീകരിക്കാനും സാധ്യതയുണ്ടായിരുന്നെന്നും അദ്ദേഹം. പുതിയ പുസ്തകത്തിന്‍റെ പ്രകാശനത്തിനു മുന്നോടിയായി വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണു യുപിഎയുടെ തകർച്ചയ്ക്കിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ചു വിലയിരുത്തൽ.

2012ൽ ഹൃദയശസ്ത്രക്രിയയ്ക്കു വിധേയനായതോടെ മൻമോഹൻ സിങ്ങിന്‍റെ പ്രവർത്തന വേഗം കുറഞ്ഞു. ഇതേകാലത്ത് സോണിയ ഗാന്ധിക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഇതു സർക്കാരിന്‍റെ പ്രവർത്തനങ്ങളെ നിഷ്ക്രിയമാക്കി. ഊർജസ്വലനും പരിചയസമ്പന്നനും മികച്ച ആശയങ്ങളുള്ള നേതാവുമായ പ്രണബ് മുഖർജിയെ ആ സമയത്ത് പ്രധാനമന്ത്രിയാക്കുകയും മൻമോഹനെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ‍ഉയർത്തുകയും ചെയ്തിരുന്നെങ്കിൽ സർക്കാർ മികച്ച രീതിയിൽ മുന്നോട്ടുപോകുമായിരുന്നു.

തുടക്കത്തിൽ സോണിയ ഇക്കാര്യം ആലോചിച്ചിരുന്നതായി പ്രണബ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, എന്തുകൊണ്ടെന്നറിയില്ല, പിന്നീട് ആ തീരുമാനം മാറി. പ്രണബ് രാഷ്‌ട്രപതിയായി. ഇതു പിന്നീടുള്ള ഭരണത്തെ ബാധിച്ചു.

നരേന്ദ്ര മോദിയെ താനൊരിക്കലും ചായക്കാരനെന്ന് ആക്ഷേപിച്ചിട്ടില്ലെന്നും അയ്യർ അവകാശപ്പെട്ടു. തക്ഷശില പാക്കിസ്ഥാനിലാണെന്ന് അറിയാത്ത ഒരാൾ നെഹ്റുവിന്‍റെ ചെരുപ്പ് ധരിക്കാൻ ശ്രമിക്കുന്നുവെന്നും തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നതോടെ അദ്ദേഹത്തിനു വേണമെങ്കിൽ ചായ വിൽക്കാൻ അവസരമുണ്ടാക്കാമെന്നും ഞാൻ പറഞ്ഞിരുന്നു.

തന്‍റെ രാഷ്‌ട്രീയ വളർച്ചയ്ക്കും നാശത്തിനും കാരണം ഗാന്ധി കുടുംബമെന്നും അയ്യർ. സോണിയയെ നേരിൽ കാണാൻ പത്തുവർഷമായി അവസരം ലഭിച്ചിട്ടില്ല. രാഹുൽ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയിൽ സമയം ചെലവഴിക്കാൻ ഒരിക്കൽ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂ. രണ്ട് തവണയല്ലാതെ പ്രിയങ്കയോടൊപ്പം സമയം ചെലവഴിച്ചിട്ടില്ല. ഫോൺ ചെയ്യുമ്പോഴാണ് സംസാരിക്കാറുള്ളതെന്നും അയ്യർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com