മണിപ്പുർ: സമാധാനം ഉറപ്പാക്കും, പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇടപെടാനുള്ള പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ശ്രമം ധൻകർ തടഞ്ഞിരുന്നു
മണിപ്പുർ: സമാധാനം ഉറപ്പാക്കും, പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദി
Updated on

ന്യൂഡൽഹി: മണിപ്പുരിലെ സംഘർഷം ക്രമമായി കുറഞ്ഞുവരികയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിദ്യാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും തുറന്നു. സമാധാനം ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം.

രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുമ്പോഴാണു പ്രധാനമന്ത്രി മണിപ്പുർ കലാപത്തെക്കുറിച്ചു വിശദമായി പരാമർശിച്ചത്. ലോക്സഭയിൽ മോദി പ്രസംഗിക്കുമ്പോൾ മണിപ്പുർ പ്രശ്നത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ ബഹളം വച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയപ്പോൾ "മോദി നുണയനെന്ന്' ആരോപിച്ച് ബഹളം കൂട്ടിയ പ്രതിപക്ഷം പിന്നീട് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ നടപടി ഭരണഘടനയോടുള്ള അവഹേളനമാണെന്നു സഭാധ്യക്ഷൻ ജഗദീപ് ധൻകർ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ ഇടപെടാനുള്ള പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ശ്രമം ധൻകർ തടഞ്ഞിരുന്നു.

തുടർച്ചയായ രണ്ടാം ദിനവും പ്രതിപക്ഷത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അടിയന്തരാവസ്ഥയെ ഓർമിപ്പിച്ച പ്രധാനമന്ത്രി ഭരണഘടനാ ദിനം ആചരിക്കുന്നതിനെ എതിർത്തവരാണ് ഭരണഘടനാ സംരക്ഷണമെന്ന വാദമുയർത്തുന്നതെന്നു പരിഹസിച്ചു.

മണിപ്പുരിനെ സാധാരണ നിലയിലേക്കു മടക്കിക്കൊണ്ടുവരാൻ സംസ്ഥാന സർക്കാരുമായി ചേർന്നു പ്രവർത്തിക്കുകയാണു കേന്ദ്രം. 500ലേറെ പേരെ അറസ്റ്റ് ചെയ്തു. 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഘർഷത്തിന്‍റെ തോത് കുറഞ്ഞുവരികയാണെന്ന യാഥാർഥ്യം മനസിലാക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടാണ് സമാധാനശ്രമങ്ങൾക്കു നേതൃത്വം നൽകുന്നത്. പ്രശ്നപരിഹാരത്തിനും ശാശ്വത സമാധാനത്തിനുമുള്ള മാർഗങ്ങൾ തേടുകയാണു മുതിർന്ന ഉദ്യോഗസ്ഥർ.

രാഷ്‌ട്രീയത്തിനപ്പുറം ഉയരാനും സഹകരിക്കാനും നമ്മൾ തയാറാകണം. പ്രകോപനമുണ്ടാക്കാരുത്. എരിതീയിൽ എണ്ണയൊഴിക്കാൻ ശ്രമിക്കുന്ന ശക്തികൾ അത് അവസാനിപ്പിക്കുന്നതാണ് നല്ലത്. നിങ്ങളെ മണിപ്പുർ തള്ളിക്കളയുന്ന കാലം വരും. സംസ്ഥാനത്തെ സാമൂഹിക സംഘർഷത്തിന് ദീർഘകാല ചരിത്രമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം 10 തവണ അവിടെ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തേണ്ടി വന്നു. 1993 മുതൽ അഞ്ചു വർഷം അവിടെ സംഘർഷം നിലനിന്നു. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. ഇപ്പോൾ അവിടെ പ്രളയത്തിന്‍റെ ദുരിതം കൂടി നേരിടാനുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയുടെ വികസന കവാടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.