കൊല്ലപ്പെട്ടത് 175 പേർ, 33 പേരെ കാണാതായി, 1,118 പേർക്കു പരുക്ക്; മണിപ്പുരിൽ പൊലീസ് റിപ്പോർട്ട്

File Image
File Image

ഇംഫാൽ: മണിപ്പുരിൽ മേയ് മൂന്നിനു പൊട്ടിപ്പുറപ്പെട്ട ഗോത്ര കലാപത്തിൽ കൊല്ലപ്പെട്ടത് 175 പേർ. 1,118 പേർക്കു പരുക്കേറ്റു. 33 പേരെ കാണാതായി. 96 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനായിട്ടില്ല. 4,786 വീടുകൾ കത്തിച്ചു. മണിപ്പുർ പൊലീസാണ് ഇപ്പോഴും അവസാനിക്കാത്ത കലാപത്തിലുണ്ടായ നാശനഷ്ടത്തിന്‍റെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ആകെ 5,172 കേസുകൾ രജിസ്റ്റർ ചെയ്തു. 386 ആരാധനാലയങ്ങൾ തകർത്തു. പൊലീസ് സേനയുടേതുൾപ്പെടെ 5,668 ആയുധങ്ങൾ കലാപകാരികൾ കൊള്ളയടിച്ചു. ഇതിൽ 1,329 ആയുധങ്ങൾ രക്ഷാ സേനയ്ക്കു തിരിച്ചുപിടിക്കാനായി. 400 ബോംബുകളടക്കം 15,050 സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സംസ്ഥാനത്ത് 360 അനധികൃത ബങ്കറുകൾ തകർത്തെന്നും പൊലീസ്. ഇംഫാലിൽ നിന്നു കലാപം ഏറ്റവും രൂക്ഷമായി ബാധിച്ച ചുരാചന്ദ്പുരിലേക്കുള്ള റോഡിൽ ഫൗഗക്ചാവോ ഇഖായിക്കും കങ്‌വൈക്കും ഇടയിലുള്ള ബാരിക്കേഡുകൾ നാലു മാസത്തിനുശേഷം വ്യാഴാഴ്ചയാണ് നീക്കാനായത്.

അതിനിടെ, കലാപത്തെക്കുറിച്ച് എഡിറ്റേഴ്സ് ഗിൽഡ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ഇന്‍റർനാഷണൽ മെയ്തേയി ഫോറം സമർപ്പിച്ച ഹർജി മണിപ്പുർ ഹൈക്കോടതി സ്വീകരിച്ചു. ഈ റിപ്പോർട്ട് ഭാവിയിൽ സർക്കാരോ മറ്റേതെങ്കിലും ഏജൻസികളോ ഉപയോഗിക്കുന്നതു തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കലാപത്തിൽ സർക്കാരും പൊലീസും മെയ്തേയി വിഭാഗത്തിന് അനുകൂലമായി പ്രവർത്തിച്ചെന്നാണ് എഡിറ്റേഴ്സ് ഗിൽഡിന്‍റെ ആരോപണം.മെയ്തേയി വിഭാഗത്തിന് പട്ടിക വർഗ പദവി നൽകുന്നതു പരിഗണിക്കാൻ മണിപ്പുർ ഹൈക്കോടതി ഉത്തരവിട്ടതോടെയാണു സംസ്ഥാനത്ത് രൂക്ഷമായ കലാപം തുടങ്ങിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com