
ഇംഫാൽ: മണിപ്പൂർ കലാപത്തിൽ മരിച്ചവരുടെ എണ്ണം 54 ആയി. മരിച്ചവരിൽ 16 പേരുടെ മൃതദേഹം ചുരചന്ദപുർ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലും 15 പേരുടെ മൃതദേഹങ്ങൾ ഇംഫാലിലെ ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സംഘർഷാവസ്ഥ പരിഹരിക്കാൻ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. മാത്രമല്ല, ചുരന്ദ്പുരിൽ നടന്ന ഏറ്റുമുട്ടലിൽ 5 കലാപകാരികൾ കൊല്ലപ്പെടുകയും രണ്ടു സൈനികർക്ക് പരുക്കേൽക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ നിന്നായി പതിമൂവായിരത്തിലധികം പേരെ സുരക്ഷിത സ്ഥാപനങ്ങളിലേക്കു മാറ്റിയതായി സൈന്യം അറിയിച്ചിരുന്നു. സംഘർഷം വ്യാപിച്ചതോടെ അതിർത്തിമേഖലകളിലുള്ള ആയിരത്തിലധികം പേർ അസമിലേക്ക് പലായനം ചെയ്തു.