many air india express flights cancelled today
കോഴിക്കോട്ടും കണ്ണൂരും കൊച്ചിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി

കോഴിക്കോട്ടും കണ്ണൂരും കൊച്ചിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി

മാനേജമെന്‍റും ജീവനക്കാരുടെ സംഘടനയും തമ്മിൽ ഡൽഹിയിൽ നടത്തിയ ചർച്ചയിൽ സമരം ഒത്തു തീർപ്പായിരുന്നു.

കണ്ണൂർ: സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തുടങ്ങിയെങ്കിലും കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വെള്ളിയാഴ്ചയും സർവീസ് മുടങ്ങി. കണ്ണൂരിൽ പുലർച്ചെ മുതലുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.

കൊച്ചിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്. കോഴിക്കോട് നിന്നുള്ള 6 സർവീസുകളും റദ്ദാക്കി. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ, ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്.

യുഎഇയിലും വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. യുഎഇയില്‍ നിന്നുള്ള നാല് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളാണ് റദ്ദാക്കിയത്. ദുബായ്-കോഴിക്കോട്, അബുദാബി-കോഴിക്കോട്, അബുദാബി-തിരുവനന്തപുരം, ഷാര്‍ജ-കണ്ണൂര്‍ വിമാനങ്ങളാണ് റദ്ദാക്കിയത്.

മാനേജമെന്‍റും ജീവനക്കാരുടെ സംഘടനയും തമ്മിൽ ഡൽഹിയിൽ നടന്ന ചർച്ചയിലാണ് പ്രശ്നം ഒത്തു തീർപ്പായത്. കമ്പനി പിരിച്ചുവിട്ട 30 ഓളം ജീവനക്കാരെ തിരിച്ചെടുക്കാനടക്കമുള്ള കാര്യങ്ങളിൽ കമ്പനി ഉറപ്പു നൽകിയതോടെയാണ് ജീവനക്കാർ സമരത്തിൽ നിന്നും പിന്മാറിയത്.

കൂട്ടമായി മെഡിക്കൽ അവധിയെടുത്ത ജീവനക്കാർ ഫിറ്റിനസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങിയെങ്കിലും സർവീസ് പഴയരീതിയിലേക്ക് എത്തിയിട്ടില്ല. രണ്ട് ദിവസത്തിനകമാകും സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുക.