സമരം പലവിധം ഉലകില്‍ സുലഭം

ഇപ്പോള്‍ കൊക്രോച്ച് പാര്‍ട്ടിയുടെ സമരമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പരീക്ഷാ പേപ്പറുകള്‍ ചോരുന്നതു വഴി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ നടപടിക്കെതിരേയാണ് ഈ സമരം നടക്കുന്നത്.
Sonam Wangchuk should be provided medical assistance and forced to eat; Public Interest Litigation in High Court

ഡൽഹിയിലെ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്ക് (ഫയൽ ചിത്രം)

Updated on

വിജയ് ചൗക്ക്/സുധീര്‍ നാഥ്

രാജ്യതലസ്ഥാനത്ത് സമരങ്ങളുടെ കാലമാണ്. വ്യത്യസ്ത രീതികളിലുള്ള സമരങ്ങൾ രാജ്യം കാലങ്ങളായി കണ്ടുകൊണ്ടിരിക്കുകയാണല്ലോ. മാധ്യമശ്രദ്ധ നേടാൻ എല്ലാവരും വ്യത്യസ്തത തങ്ങളുടെ സമരങ്ങളില്‍ കൊണ്ടുവരാറുണ്ട്. ഒരിക്കല്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി നിരത്തി വച്ചാണ് സമരം ചെയ്തത്. വര്‍ഷങ്ങളോളം നീണ്ട സമരങ്ങളും ഡല്‍ഹിയിലെ സമരവീഥി എന്നറിയുന്ന പാര്‍ലമെന്‍റ് സ്ട്രീറ്റില്‍ നടന്നിട്ടുണ്ട്. ഇപ്പോൾ പാര്‍ലമെന്‍റ് സമ്മേളനം ആരംഭിക്കുന്നതു കൊണ്ട് വലിയ സമരങ്ങളുടെ പട്ടിക തന്നെ കാണാം.

പല സമരങ്ങളും പല സർക്കാരുകളെയും അട്ടിമറിച്ചിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതു തന്നെ ആദ്യം സായുധ വിപ്ലവങ്ങളിലൂടെയും പിന്നീട് ഒരു ജനകീയ സമരത്തിലൂടെയും തന്നെയായിരുന്നുവല്ലോ. സമാധാന പാതയില്‍ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമര പരമ്പരകളുടെ ചരിത്രം സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ടതാണ്. മുഗളരും ഫ്രഞ്ചുകാരും ഡച്ചുകാരുമൊന്നും പിന്തിരിഞ്ഞില്ലെങ്കിലും, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് സ്വാതന്ത്ര്യ സമരത്തിനു മുന്നില്‍ അടിയറവ് പറഞ്ഞ് പിന്തിരിയേണ്ടി വന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്. അടിയന്തരാവസ്ഥാ കാലത്ത് ഒരു ഏകാധിപതിയുടെ രൂപത്തിലാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി പ്രവര്‍ത്തിച്ചിരുന്നത് എന്ന് ആക്ഷേപമുണ്ടായി. ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന തരത്തില്‍ വരെ പ്രചരണമുണ്ടായി. ഏകാധിപതിയായ ഇന്ദിരയ്ക്കെതിരേ അക്കാലത്തെ ക്ഷുഭിതരായ യുവാക്കളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിച്ചു. ജയപ്രകാശ് നാരായണന്‍ എന്ന അന്നു വരെ രാജ്യം ചര്‍ച്ച ചെയ്യാത്ത സോഷ്യലിസ്റ്റായ സാധാരണ വ്യക്തിയുടെ മുന്നില്‍ ഭരണവര്‍ഗത്തിന് അടിയറവു പറയേണ്ടി വന്നു.

നവനിർമാണ്‍ ആന്ദോളന്‍ എന്ന പേരില്‍ ഗുജറാത്തില്‍ തുടങ്ങിയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്. 1973 ഡിസംബര്‍ 20ന് അഹമദാബാദിലെ എല്‍ഡി എന്‍ജിനിയറിങ് കോളെജ് വിദ്യാർഥികള്‍ ഹോസ്റ്റല്‍ ഫീസിലും ഭക്ഷണ വിലയിലും 20 ശതമാനം വർധിപ്പിച്ചതിനെതിരേ സമരം തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രി ചമന്‍ഭായ് പട്ടേലിന്‍റെ സര്‍ക്കാരിന് ഫെബ്രുവരി 9ന് രാജിവയ്ക്കേണ്ടി വന്നു.

രാജീവ് ഗാന്ധി മൃഗീയ ഭൂരിപക്ഷത്തിൽ പ്രധാനമന്ത്രിയായിരുന്ന സമയം കര്‍ഷകര്‍ ഒരു സമരം നടത്തി. 1988ല്‍ ഒക്റ്റോബറിൽ മഹേന്ദ്ര സിങ് ടിക്കായത്തിന്‍റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ട്രാക്റ്ററും കാളവണ്ടിയും സൈക്കിളുമായി ഡല്‍ഹി പാര്‍ലമെന്‍റിനോട് ചേര്‍ന്ന ബോട്ട് ക്ലബ് മൈതാനിയില്‍ എത്തി. 84ല്‍ കോണ്‍ഗ്രസിന് 426 സീറ്റുകളാണ് ലോക്സഭയില്‍ ഉണ്ടായിരുന്നത്. ഒട്ടേറെ ആരോപണങ്ങള്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കു നേരേ കോണ്‍ഗ്രസ് അന്നു പ്രയോഗിച്ചിരുന്നു. പക്ഷേ വലിയ ഭൂരിപക്ഷമുണ്ടായിട്ടും രാജീവ് ഗാന്ധിക്ക് കര്‍ഷക സമരത്തില്‍ അടിതെറ്റി. 89ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സീറ്റ് 195 ആയി കുറഞ്ഞു.

79 ജനുവരിയിൽ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്ന സമയത്താണ് മണ്ഡല്‍ കമ്മിഷന്‍ രൂപീകരിക്കുന്നത്. 90 ഓഗസ്റ്റില്‍ വി.പി. സിങ് പ്രധാനമന്ത്രി ആയപ്പോഴാണ് ആ റിപ്പോര്‍ട്ട് നടപ്പിലാക്കിയത്. മണ്ഡല്‍ കമ്മിഷന്‍ വിരുദ്ധ സമരമാണ് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരം. വി.പി. സിങ്ങിന് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത് മണ്ഡല്‍ സമരത്തിന്‍റെ ജനകീയ ശക്തി കൊണ്ടായിരുന്നു.

2011ല്‍ ഇന്ത്യന്‍ ആന്‍റി കറപ്ഷന്‍ മൂവ്മെന്‍റ് വലിയ കൊടുങ്കാറ്റുണ്ടാക്കി. ഡല്‍ഹിയില്‍ യുവാക്കള്‍ വ‌ൃദ്ധനായ ഗാന്ധിയൻ അണ്ണാ ഹസാരയ്ക്കു പിന്നില്‍ അഴിമതിക്കെതിരേ ജന്‍ ലോക്പാല്‍ ബില്ലിനായി അണിനിരന്നു. 2011 ഏപ്രില്‍ 5ന് ജന്തര്‍മന്തറിലാണ് ഹസാരെ അഴിമതിക്കെതിരേ നിരാഹാര സമരം തുടങ്ങിയത്. ജനപിന്തുണ ഏറിയതോടെ സമരം രാംലീല മൈതാനിയിലേക്കു മാറ്റി. അവിടെ ബാബാ രാംദേവ്, അരവിന്ദ് കെജരിവാൾ അടക്കമുള്ളവരും എത്തി.

2012 ഡിസംബര്‍ 16നാണ് ""നിര്‍ഭയ'' എന്നു പേരിട്ട പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി പിന്നീട് മരണത്തിന് കീഴടങ്ങുന്നത്. സ്ത്രീ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ യുവജനത ഇറങ്ങി. ഡല്‍ഹിയിലെ യുവജനത തെരുവിലിറങ്ങിയപ്പോള്‍ രാജ്യം ഒപ്പം നിന്നു. രാജ്യത്താകമാനം ക്യാംപസുകള്‍ കേന്ദ്രീകരിച്ച് വലിയ പ്രക്ഷോഭമുണ്ടായി. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്‍റേയും ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്‍റേയും പതനത്തിലാണ് ലോക്പാല്‍ സമരവും നിര്‍ഭയ സമരവും കൊണ്ടെത്തിച്ചത്.

ഇപ്പോഴിതാ വീണ്ടും യുവജനങ്ങളും വിദ്യാർഥികളും തെരുവിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ഇത്തവണ കൊക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) എന്ന സാമൂഹ്യമാധ്യമ കൂട്ടായ്മയിലൂടെയാണ് ജെന്‍സികളുടെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ തെരുവിലേക്കുള്ള ഇറക്കം. ഈ സമരത്തില്‍ അവര്‍ ആവശ്യപ്പെടുന്നത് സിബിഎസ്ഇ, നീറ്റ് പരീക്ഷകളിലെ ചോദ്യ പേപ്പര്‍ ചോര്‍ച്ച മൂലം ഭാവി തുലാസിലായ യുവജനങ്ങൾക്കു നീതിയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍ രാജിവയ്ക്കണം എന്നതാണ് അവരുടെ മുഖ്യ ആവശ്യം. ഈ പ്രക്ഷോഭം ചരിത്രത്തിന്‍റെ ആവര്‍ത്തനമാകുമോ എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോകാന്‍ കാരണം നിരാഹാര സമരവും ക്വിറ്റിന്ത്യാ സമരവും ഒക്കെയാണല്ലോ. മഹാത്മാ ഗാന്ധി നടത്തിയ ആദ്യ സത്യഗ്രഹ സമരമാണ് 1917ല്‍ ബിഹാറിലെ ചമ്പാരനില്‍ നടത്തിയത്. അവിടെ കര്‍ഷകര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് അറുതി വരുത്താനാണ് ഗാന്ധി സമരം നടത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയില്‍ ഉപ്പിന് നികുതി ചുമത്തിയതില്‍ പ്രതിഷേധിച്ച് 1930ലാണ് ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രസിദ്ധമായ ഉപ്പു സത്യഗ്രഹം നടന്നത്. 1930 മാര്‍ച്ച് 12ന് സമരത്തിന് തുടക്കായി. സബര്‍മതി ആശ്രമം മുതല്‍ ദണ്ഡി കടപ്പുറം വരെ 390 കിലോമീറ്റര്‍ ദൂരം ഗാന്ധിയും സന്നദ്ധ ഭടന്മാരും യാത്ര ചെയ്ത് നിയമം ലംഘിച്ച് ഉപ്പ് കുറുക്കി.

ഇന്ത്യക്ക് ഉടനടി സ്വാതന്ത്ര്യം നല്‍കുക എന്ന ഗാന്ധിയുടെ ആഹ്വാന പ്രകാരം 42 ഓഗസ്റ്റിൽ ആരംഭിച്ച നിയമ ലംഘന സമരമാണ് ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം. രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്ത് 1939 സെപ്റ്റംബറില്‍ വാർധയില്‍ നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉപാധികള്‍ക്കു വിധേയമായി ഫാസിസത്തിന് എതിരേയുള്ള സമരത്തെ അനുകൂലിക്കുന്ന പ്രമേയം പാസാക്കി. പക്ഷേ ഇതിനു പകരമായി സ്വാതന്ത്ര്യം ആവശ്യപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ അതു നിരസിച്ചു.

1942 ഓഗസ്റ്റ് 8ന് ബോംബെയില്‍ ഗോവാലിയ ടാങ്ക് മൈതാനത്ത് നടത്തിയ ക്വിറ്റ് ഇന്ത്യ പ്രസംഗത്തില്‍ ഗാന്ധി "പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം നടത്തി. വൈസ്രോയി ലിന്‍ലിത്ഗോ ഈ പ്രസ്ഥാനത്തെ "1857 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ കലാപം' എന്ന് വിശേഷിപ്പിച്ചു. ഒരു സ്വതന്ത്ര രാജ്യമായി പെരുമാറാനും ബ്രിട്ടീഷുകാരുടെ ആജ്ഞകള്‍ അനുസരിക്കാതിരിക്കാനും ഗാന്ധി ജനങ്ങളോട് ആവശ്യപ്പെട്ടു. ക്വിറ്റ് ഇന്ത്യാ സമരാഹ്വാനത്തോടുള്ള ബ്രിട്ടീഷ് പ്രതികരണം പെട്ടെന്നായിരുനു. രാജ്യമൊട്ടാകെ വന്‍തോതില്‍ അറസ്റ്റുകള്‍ നടന്നു. ഒരുലക്ഷത്തോളം പേരെ രാജ്യമെമ്പാടും നിന്ന് അറസ്റ്റ് ചെയ്തു, വലിയ പിഴകള്‍ ചുമത്തി, പ്രകടനക്കാരെ ചമ്മട്ടിയ്ക്കടിച്ചു. ഇന്ത്യ ദീര്‍ഘകാലം ഭരിക്കാന്‍ കഴിയാത്തതാണെന്ന് ബ്രിട്ടീഷുകാര്‍ മനസിലാക്കി. ജയിലിലടച്ച എല്ലാ ദേശീയവാദികളെയും മോചിപ്പിച്ചതോടെ 1945ല്‍ പ്രസ്ഥാനം അവസാനിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ കാരണമായ ഒന്നായിരുന്നു ക്വിറ്റിന്ത്യാ സമരം.

ലോകത്ത് ഒട്ടേറെ രാജ്യങ്ങള്‍ സമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടി. ഗാന്ധിയുടെ നിരാഹാര സമരങ്ങള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കാൻ മുഖ്യ കാരണം തന്നെയാണ്. നമ്മുടെ സ്വാതന്ത്ര്യലബ്ധിയെ കൂടുതല്‍ മഹത്തരമാക്കുന്നത് അഹിംസയുടെ വഴിയിലൂടെ സമരം നടത്തി എന്നതാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയ ശേഷവും സമരങ്ങളുടെ ചരിത്രം നിന്നില്ല. കാലം കടന്നുപോകുന്ന ഓരോ വര്‍ഷവും വേറിട്ട സമരങ്ങള്‍ നടന്നു.

ഇപ്പോള്‍ കൊക്രോച്ച് പാര്‍ട്ടിയുടെ സമരമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. പരീക്ഷാ പേപ്പറുകള്‍ ചോരുന്നതു വഴി ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി തുലാസിലാക്കിയ നടപടിക്കെതിരേയാണ് ഈ സമരം നടക്കുന്നത്. വിദ്യഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണമെന്ന ആവശ്യമാണ് അവര്‍ ഉയര്‍ത്തുന്നത്. അതിനെ അനുകൂലിച്ച് നടക്കുന്ന നിരാഹാര സമരവും ഇപ്പോള്‍ വലിയ ശ്രദ്ധ നേടി

എഥനോള്‍ ചേര്‍ത്ത പെട്രോള്‍ രാജ്യവ്യാപകമായി വിതരണം ചെയ്തതോടെ മൈലേജ് നഷ്ടപ്പെട്ടു എന്ന പരാതിയുമായി എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. അവരും സമരത്തിനിറങ്ങുകയാണ്.

കേന്ദ്രത്തില്‍ സമരങ്ങള്‍ ശക്തിപ്പെടുന്നതു പോലെ ഭരണമാറ്റം സംഭവിച്ച കേരളത്തിലും സമരങ്ങളുടെ എണ്ണത്തില്‍ വലിയ വർധനവ് ഉണ്ടായിരിക്കുന്നു. കഴിഞ്ഞ 10 വര്‍ഷം സമരമുഖത്തു നിന്ന് പിന്തിരിഞ്ഞ ഇടതുപക്ഷം വലിയ ഉത്സാഹത്തോടെയാണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടാകാതിരുന്ന സെക്രട്ടറിയേറ്റ് പടിക്കല്‍ സമരപ്പന്തലുകളുടെ നീണ്ട നിര തന്നെ കാണാം. മുദ്രാവാക്യങ്ങളുടെ ശബ്ദം മുഖരിതമായി സെക്രട്ടറിയേറ്റിന് ചുറ്റും മാറിയിരിക്കുന്നു. വേറിട്ട ഒട്ടേറെ സമര പരിപാടികള്‍ ഇനിയും കാണാനിരിക്കുന്നതേയുള്ളൂ. അത് പാര്‍ലമെന്‍റ് സ്ട്രീറ്റിലും, സെക്രട്ടറിയേറ്റ് പഠിക്കലും ഒരുപോലെ സംഭവിക്കും.

മാധ്യമ ശ്രദ്ധ നേടാൻ തന്നെയാണ് ഓരോ സമര രീതികളും ഓരോരുത്തരും കൈക്കൊള്ളുന്നത്. ഒപ്പം സമരം വിജയത്തിലേക്കു കടക്കാൻ എളുപ്പവഴിയും അവർ മനസിൽ കാണുന്നുണ്ടാകും. കേരളത്തിൽ ഇപ്പോൾ പവർകട്ടിന്‍റെ കാലമാണ്. ഇതേ സമയം തന്നെയാണ് വനിതകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ""പ്രിയദർശിനി സൗജന്യ യാത്ര'' സർക്കാർ ഏർപ്പെടുത്തിയത്. സൗജന്യ യാത്ര പോകുന്ന സ്ത്രീകൾക്ക് വീട്ടിൽ കറന്‍റ് പോകുമ്പോൾ ഉപയോഗിക്കാൻ മെഴുകുതിരിയും തീപ്പെട്ടിയും കൊടുക്കുന്ന ഒരു രസകരമായ സമരം കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടു.

പിഎസ്‌സി ലിസ്റ്റിൽ പേര് വരികയും, ജോലി ലഭിക്കാതിരിക്കുകയും ചെയ്ത ചെറുപ്പക്കാർ സെക്രട്ടറിയേറ്റ് നടയിൽ ഇലയിട്ട് മണ്ണ് തിന്നുന്ന സമര രീതിയും സമീപകാലത്തുണ്ടായി. സെക്രട്ടറിയേറ്റിനു മുന്നിലെ ശയന പ്രക്ഷിണവും, കഞ്ഞി വയ്പ്പും, തല മുണ്ഡനം ചെയ്തും മറ്റുമുള്ള സമരവും നമ്മൾ എത്രയോ കണ്ടതാണ്!

logo
Metro Vaartha
www.metrovaartha.com