

സംഭവസ്ഥലത്ത് നിന്നുള്ള ദൃശ‍്യങ്ങൾ
ന‍്യൂഡൽഹി: ഡൽഹിയിൽ നാലുനില കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് അഞ്ച് പേർക്ക് പരുക്കേറ്റു. കിഴക്കൻ ഡൽഹിയിലെ സീമാപുരി മേഖലയിലാണ് കെട്ടിടം തകർന്നത്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് അധികൃതർ വ‍്യക്തമാക്കുന്നത്.
ഇതിനോടകം 5 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വടക്കുകിഴക്കൻ ഡൽഹിയിലെ ഡിസിപി ആർ.പി. മീന പറഞ്ഞു. ഉച്ച കഴിഞ്ഞ് 3:15 ഓടെയാണ് അപകടം നടന്നതായി ഡൽഹി അഗ്നിശമന സേനയ്ക്ക് വിവരം ലഭിക്കുന്നത്. ഉടനെ തന്നെ അഗ്നിശമന സേനയുടെ നാലു വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
കെട്ടിടത്തിന്‍റെ മുൻ ഭാഗം തകർന്നതായാണ് അഗ്നിശമന സേന പറയുന്നത്. പരുക്കേറ്റവരെ പറ്റി കൂടുതൽ വിവരം പുറത്തുവന്നിട്ടില്ല. സംഭവത്തെത്തുടർന്ന് ഡൽഹി ട്രാഫിക് പൊലീസ് ഗതാഗത മുന്നറിയിപ്പ് പ്രഖ‍്യാപിച്ചിട്ടുണ്ട്.
അപകടം നടന്ന സ്ഥലത്തിന് സമീപം വാഹനം നിർത്തുകയോ കൂട്ടംകൂടുകയോ ചെയ്യരുതെന്നും അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് അഭ‍്യർഥിച്ചു. അടുത്തിടെ ഡൽഹിയിലെ സത‍്യനികേതനിൽ 5 നിലയുള്ള കെട്ടിടം തകർന്ന് അപകടമുണ്ടായതിനു പിന്നാലെയാണ് വീണ്ടും സമാനമായ അപകടമുണ്ടായിരിക്കുന്നത്. സെപ്റ്റംബർ 6ന് നടന്ന അപകടത്തിൽ അന്ന് 7 പേർക്ക് ജീവൻ നഷ്ടമാകുകയും 5 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.