സെൽഫിയിൽ പതിഞ്ഞ തലയ്ക്ക് വില ഒരു കോടി; മാവോയിസ്റ്റ് കമാൻഡറുടെ മരണ വാറന്‍റ്!

പതിറ്റാണ്ടുകളായി സുരക്ഷാ ഏജൻസികൾക്ക് ചലപതിയെക്കുറിച്ച് യാതൊരു രൂപവുമുണ്ടായിരുന്നില്ല. കാരണം, ഇയാളെ കണ്ടാൽ എങ്ങനെയെരിക്കുമെന്ന് പുറംലോകത്തിന് അറിയുമായിരുന്നില്ല
Jayaram Reddy (Chalapati) and Chaitanya Venkat Ravi (Aruna)
ജയറാം റെഡ്ഡിയും (ചലപതി) ചൈതന്യ വെങ്കട് രവിയും (അരുണ)
Updated on

പേര് ജയറാം റെഡ്ഡി- മാവോയിസ്റ്റ് കേഡറുകൾക്ക് അയാൾ ചലപതി. 2008ൽ പതിമൂന്ന് ജവാൻമാരുടെ ജീവനെടുത്ത ഒഡീഷയിലെ നയാഗഡ് ആക്രമണത്തിന്‍റെ മാസ്റ്റർ ബ്രെയിൻ. പതിറ്റാണ്ടുകളായി സുരക്ഷാ ഏജൻസികൾക്ക് ഇയാളെക്കുറിച്ച് യാതൊരു രൂപവുമുണ്ടായിരുന്നില്ല. കാരണം, ചലപതിയെ കണ്ടാൽ എങ്ങനെയെരിക്കുമെന്ന് പുറംലോകത്തിന് അറിയുമായിരുന്നില്ല.

അങ്ങനെ സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ചു നടന്ന ചലപതി ഒടുവിൽ വെടിയേറ്റു വീണു. ആ മരണ വാറന്‍റിലേക്ക് മാവോയിസ്റ്റ് കമാൻഡർക്ക് വഴിവെട്ടിക്കൊടുത്തത് ഭാര്യയുമൊത്ത് മൊബൈൽ ഫോണിൽ പകർത്തിയ ഒരു സെൽഫിയും!

ആന്ധ്ര - ഒഡീശ അതിർത്തി കേന്ദ്രീകരിച്ചായിരുന്നു ജയറാം റെഡ്ഡിയുടെയും സംഘടനയിലെ ഡെപ്യൂട്ടി കമാൻഡറും ഭാര്യയുമായ അരുണ എന്ന ചൈതന്യ വെങ്കട് രവിയുടെയും പ്രവർത്തനം. ഇവർ ഒരുമിച്ചുള്ള സെൽഫി സുരക്ഷാ സൈനികർക്കു കിട്ടിയതോടെയാണ് ചലപതിയെ തിരിച്ചറിയാൻ സാധിച്ചത്. തുടർന്ന് ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഒടുവിൽ, സിആർപിഎഫിന്‍റെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷനിൽ മറ്റ് ഇരുപത് മാവോയിസ്റ്റുകൾക്കൊപ്പം ചലപതിയും വെടിയേറ്റു വീണു.

ആന്ധ്ര പ്രദേശിൽ വച്ച് 2016 മേയിലുണ്ടായ ഒരു ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിൽ നിന്നു വീണുപോയ മൊബൈൽ ഫോണിലാണ് നിർണായകമായ ഈ സെൽഫി കണ്ടെത്തിയത്. ചിത്രം സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിലെത്തിയെന്ന് വ്യക്തമായതോടെ ചലപതി തന്‍റെ യാത്രകൾ വെട്ടിച്ചുരുക്കി. പിന്നീടിങ്ങോട്ട് അത്യാവശ്യ സഞ്ചാരങ്ങളിലെല്ലാം എട്ടുപത്ത് അംഗരക്ഷകരെയും ഒപ്പം കൂട്ടിയിരുന്നു.

ഒരുകാലത്ത് മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ വിളനിലമായിരുന്ന ആന്ധ്ര പ്രദേശിലെ ചിറ്റൂർ സ്വദേശിയാണ് ജയറാം റെഡ്ഡി എന്ന ചലപതി. മാവോയിസ്റ്റ് സംഘടനയിലെ ഉന്നതാധികാര സമിതിയായ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്നു.

മുൻപ് ഛത്തിസ്ഗഡിലെ ബസ്തർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ചലപതി ഏതാനും മാസം മുൻപാണ് ഒഡീശ അതിർത്തിയിലേക്കു മാറിയത്. ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകൾ ഊർജിതമായതിനെത്തുടർന്നായിരുന്നു ഇത്. സൈനിക തന്ത്രങ്ങളിലും ഗറില്ലാ യുദ്ധമുറകളിലും വിദഗ്ധനായിരുന്ന ചലപതിയുടെ മരണത്തോടെ മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ദുർബലമാകുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com