
സഞ്ജീവ് | പാർവതി
ഹൈദരാബാദ്: തെലങ്കാനയിൽ മാവോയിസ്റ്റ് പ്രവർത്തകരായ ദമ്പതികൾ പൊലീസിൽ കീഴടങ്ങി. 40 വർഷത്തോളം സംഘടനയിൽ പ്രവർത്തിച്ചിരുന്ന സഞ്ജീവ് (63) ഭാര്യ പാർവതി (50) എന്നിവരാണ് കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്‍റെ പുനരധിവാസ പദ്ധതിയാണ് ഇവര്‍ കീഴടങ്ങിയതിന് പിന്നിലെ കാരണമെന്ന് അധികൃതർ പറയുന്നു.
രണ്ടു ദിവസത്തിനിടെ തെലങ്കാനയിൽ 5 മാവോയിസ്റ്റുകളാണ് കീഴങ്ങിയിരിക്കുന്നത്. ഇവരിൽ 2 പെൺകുട്ടികൾ കൗമാരക്കാരാണ്. ഈ വർഷം ഇത്തരത്തിൽ 73 മാവോയിസ്റ്റുകളാണ് കീഴടങ്ങിയതെന്ന് പൊലീസ് സുപ്രണ്ട് പറയുന്നു.
'ഗ്രാമമാണ് യുദ്ധത്തെക്കാൾ നല്ലത്, നമ്മുടെ ഗ്രാമത്തിലേക്ക് മടങ്ങൂ' എന്ന പേരില്‍ തെലങ്കാന പൊലീസും സിആര്‍പിഎഫും മേഖലയില്‍ ബോധവത്കരണം നടത്തുന്നുണ്ടായിരുന്നു. ഇതിൽ ആകൃഷ്ടരായാണ് മാവോയിസ്റ്റുകൾ കീഴടങ്ങുന്നതെന്നാണ് വിവരം. കീഴടങ്ങുന്നവർക്ക് സർക്കാർ 25,000 രൂപ അടിയന്തര ധനസഹായവും നൽകുന്നുണ്ട്. മാത്രമല്ല, സംസ്ഥാന സർക്കാരിന്‍റെ കീഴടങ്ങൽ- പുനരധിവാസ നയത്തിന് കീഴിൽ ഇവരെ പുനരധിവസിപ്പിക്കുകയും ചെയ്യും.