40കാരന് വധു 13കാരി, ആദ്യ ഭാര്യ സാക്ഷി!! ശൈശവിവാഹത്തിന് 4 പേർക്കെതിരേ കേസ്

പെൺകുട്ടിയെ രക്ഷിച്ചത് അധ്യാപിക.
married telangana man 40 marries class 8 student

40 കാരന് വധു 13 കാരി, അതും ആദ്യ ഭാര്യ സാക്ഷി!! ശൈശവിവാഹത്തിൽ 4 പേർക്കെതിരേ കേസ്

Updated on

ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസുള്ള പെൺകുട്ടിയെ 40 വയസുകാരന്‍റെ രണ്ടാം വിവാഹത്തിൽ നിന്നു രക്ഷപെടുത്തി അധ്യാപിക. ഇവർ ജില്ലാ ശിശു സംരക്ഷണ സേവനങ്ങളെയും പൊലീസിനെയും വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് 'വരനെ' അറസ്റ്റ് ചെയ്തു. ഇയാളുടെ ആദ്യത്തെ ഭാര്യയും വിവാഹച്ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മേയ് 28 നാണ് കാണ്ടിവാഡയിൽ നിന്നുള്ള 40 വയസുള്ള ശ്രീനിവാസ് ഗൗഡുമായി വിവാഹം കഴിപ്പിച്ചത്. പെൺകുട്ടി അമ്മയ്ക്കും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്.

പെൺകുട്ടികുട്ടിയുടെ അമ്മ വീട്ടുടമസ്ഥനോട് ആവശ്യപ്പെട്ടതുപ്രകാരമായിരുന്നത്രെ വിവാഹം. ഇ‍യാളാണ് 40 വയസുള്ള വരനെ കണ്ടെത്തി കൊടുത്തത്. ഈ വിവരങ്ങൾ പെൺകുട്ടി സ്കൂളിലെ അധ്യാപികയോട് പറഞ്ഞിരുന്നു. പിന്നീട് അധ്യാപികയാണ് തഹസിൽദാർ രാജേശ്വറിനെയും ഇൻസ്പെക്റ്റർ പ്രസാദിനെയും വിവരമറിയിക്കുന്നത്.

സംഭവത്തിൽ വരനെതിരേയും, ഇയാളുടെ ഭാര്യ, പെൺകുട്ടിയുടെ അമ്മ, ഇടനിലക്കാരന്‍, നിയമവിരുദ്ധ വിവാഹം നടത്തിയ പുരോഹിതൻ എന്നിവർക്കെതിരേയും ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസെടുത്തതായി ഇൻസ്പെക്റ്റർ പ്രസാദ് അറിയിച്ചു.

"പെൺകുട്ടിയെ നിലവിൽ ഒരു സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. കുട്ടിക്ക് ആവശ്യമായ കൗൺസിലിങ് നൽകുന്നുണ്ട്. പെൺകുട്ടിയും 40 വയസുകാരനും കഴിഞ്ഞ രണ്ടു മാസത്തോളമായി ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്ന് തെളിഞ്ഞാൽ ഇയാൾക്കതിരേ പോക്സോ വകുപ്പ് കൂടി ചുമത്തും"- ജില്ലാ ശിശു സംരക്ഷണ ഓഫീസർ പ്രവീൺ കുമാർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com