
പറ്റ്ന: സ്പെഷ്യൽ മസാലദോശയ്ക്കൊപ്പം സാമ്പാർ നൽകിയില്ലെന്ന പരാതിയിൽ റസ്റ്ററന്‍റ് ഉടമയ്ക്ക് 3,500 രൂപ പിഴയിട്ട് ബിഹാർ കോടതി. 2022 ൽ അഭിഭാഷകനായ മനീഷ് പത്തക് നൽകിയ പരാതിയിലാണ് വിധി.
2022 ഓഗസ്റ്റ് 15ന് തന്‍റെ പിറന്നാൾ ദിനം ആഘോഷിക്കാനായാണ് മനീഷ് റസ്റ്ററന്‍റിൽ നിന്ന് പാഴ്സലായി സ്പെഷ്യൽ മസാല ദോശ വാങഅങിയത്. 140 രൂപയായിരുന്നു അന്ന് മസാല ദോശയുടെ വില. വീട്ടിലെത്തി പൊതി തുറന്നപ്പോഴാണ് മസാലദോശയ്ക്കൊപ്പം സാമ്പാറില്ലെന്ന് മനസിലായത്. ഉടൻ തന്നെ റസ്റ്ററന്‍റിലേക്ക് വിളിച്ച് പരാതി പറഞ്ഞെങ്കിലും വളരെ മോശമായാണ് റസ്റ്ററന്‍റ് ഉടമ തന്നോട് പെരുമാറിയതെന്ന് മനീഷ് പറയുന്നു.
140 രൂപയ്ക്ക് പിന്നെ ഈ സ്ഥലം മുഴുവൻ വാങ്ങാമെന്നാണോ കരുതുന്നതെന്നും ഉടമ ചോദിച്ചു. അതോടെയാണ് മനീഷ് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. പതിനൊന്നു മാസങ്ങൾക്കു ശേഷം റസ്റ്ററന്‍റിന് പിഴവ് പറ്റിയതായി കോടതി കണ്ടെത്തി. ജില്ലാ ഉപഭോക്തൃ കമ്മിഷൻ ചെയർമാൻ വേദ് പ്രകാശ് സിങ്ങാണ് റസ്റ്ററന്‍റിനോട് പിഴയായി 3,500 രൂപ അടയ്ക്കാൻ ഉത്തരവിട്ടിരിക്കുന്നത്. ഇതില് 2000 രൂപ മനീഷ് അനുഭവിച്ച മാനസിക, ശാരീരിക, സാമ്പത്തിക പ്രശ്നങ്ങൾക്ക് നഷ്ടപരിഹാരമായാണ് നൽകുന്നത്. 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കണമെന്നും ഇല്ലെങ്കിൽ 8 ശതമാനം വീതം പലിശ ഈടാക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.