

പ്രതീകാത്മക ചിത്രം
ഗുവാഹട്ടി: അസമിൽ കനത്ത മഴയെ തുടർന്ന് വൻ പ്രളയം. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 47 പേർ മരിച്ചു. 40 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.
11 ജില്ലകളിലായി 7.21 ലക്ഷത്തിലധികം ആളുകളാണ് പ്രളയബാധിതരായിരിക്കുന്നത്. പ്രളയബാധിത മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കലക്റ്റർമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും മുഖ്യമന്ത്രി വെള്ളിയാഴ്ച വീഡിയോ കോൺഫറൻസ് നടത്തി. സാഹചര്യം നേരിയ തോതിൽ മെച്ചപ്പെട്ടെങ്കിലും ദുരിതബാധിതരിൽ ഏകദേശം 20 ശതമാനം പേരിലേക്കും ഇതുവരെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രളയനാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്ര സർക്കാരിന്‍റെ സംഘം ജൂലൈ 25ന് അസം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ദിഖൗ നദിയിലെ ജലനിരപ്പ് ഇപ്പോഴും അതിതീവ്ര പ്രളയനിലയ്ക്ക് മുകളിലാണ്. ബുറിദിഹിംഗ്, ഡിസാങ്, ദിഖൗ, ധൻസിരി, കുശിയാര എന്നീ നദികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്.
ചരൈദിയോ, ദിബ്രുഗഡ്, ഗോളാഘട്ട്, ഹോജായ്, ജോർഹട്ട്, കാംറൂപ്, കാംറൂപ് മെട്രോപൊളിറ്റൻ, കാർബി ആംഗ്ലോങ്, നഗാവ്, ശിവസാഗർ, ടിൻസുകിയ എന്നീ 11 ജില്ലകളിലാണ് 7.21 ലക്ഷത്തിലധികം പേർ പ്രളയബാധിതരായത്. ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ഇവിടെ ഏകദേശം 3.8 ലക്ഷം പേരാണ് ദുരിതത്തിലായത്. ചരൈദിയോയിൽ 1.9 ലക്ഷത്തോളം പേരും ജോർഹട്ടിൽ 1.2 ലക്ഷത്തിലധികം പേരും പ്രളയബാധിതരാണ്.
ഒൻപത് ജില്ലകളിലായി 358 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 24,124 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. സൈന്യം, ദേശീയ ദുരന്തനിവാരണ സേന, സംസ്ഥാന ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ്, മറ്റു സിവിൽ ഏജൻസികൾ എന്നിവ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
സംസ്ഥാനത്ത് നിലവിൽ 883 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണ്. 25,375 ഹെക്ടർ കൃഷിഭൂമിയും നശിച്ചു. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി.