ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ വന്‍പ്രതിഷേധം

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, എന്‍ടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്
Massive protest by Cockroach Janata Party in Delhi

ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ വന്‍പ്രതിഷേധം

Updated on

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും കോക്ക്‌റോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) നേതൃത്വത്തില്‍ ഡല്‍ഹിയില്‍ കനത്ത പ്രതിഷേധം പുരോഗമിക്കുന്നു. ശനിയാഴ്ച ജന്തര്‍ മന്ദറില്‍ നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു പേരാണ് എത്തിയത്. വിഷയത്തില്‍ സിജെപി നടത്തിയ ആദ്യ പ്രതിഷേധത്തില്‍ ജനപങ്കാളിത്തം കുറവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പ്രതിഷേധത്തില്‍ നൂറുകണക്കിനുപേരാണ് പങ്കെടുക്കാന്‍ എത്തിയത്.

ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക, എന്‍ടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള ബാനറുകളും പോസ്റ്ററുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്ലേറ്റും സ്പൂണുകളുമായി എത്തിയ പ്രതിഷേധക്കാര്‍ അവ മുഴക്കിക്കൊണ്ടാണ് തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിച്ചത്. നീറ്റ് പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പരീക്ഷ പേപ്പര്‍ വിതരണം ചെയ്യാന്‍ വ്യോമസേനയെ ഉപയോഗിക്കുന്നതിലൂടെ പൊതുജനങ്ങളുടെ നികുതിപ്പണമാണ് പാഴാവുന്നതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ഡല്‍ഹിയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമെല്ലാം പ്രതിഷേധക്കാര്‍ എത്തിയിരുന്നു.

പ്രതിഷേധം നടക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും കര്‍ശന നിരീക്ഷണത്തിലാണ് രാജ്യതലസ്ഥാനം. ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നേരിട്ട് ഇറങ്ങിയിരുന്നു. പൊലീസിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് ജന്തര്‍ മന്ദര്‍. ബാരിക്കേഡുകള്‍ സ്ഥാപിച്ച് കനത്ത സുരക്ഷാവലയമാണ് ജന്തര്‍ മന്ദറിനു ചുറ്റും പൊലീസ് ഒരുക്കിയിരിക്കുന്നത്. കൂടാതെ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com