
ഹൈദരാബാദ്: ഏറെക്കാലമായി പൊലീസ് തേടിയിരുന്ന മാവോയിസ്റ്റ് നേതാവ് സഞ്ജയ് ദീപക് റാവുവിനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഹൈദരാബാദിലെ കുക്കട്പള്ളിയിലുള്ള മലേഷ്യൻ ടൗൺഷിപ്പിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്‌ട്ര പൊലീസ് സേനകൾ തെരയുന്ന മാവോയിസ്റ്റുകളുടെ പട്ടികയിലെ പ്രധാനിയായി. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ നൽകുമെന്നും പ്രഖ്യാപിച്ചിരുന്നു. നിരോധിത സിപിഐ മാവോയിസ്റ്റിന്‍റെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങളുടെ ചുമതല ഇയാൾക്കായിരുന്നു.
മഹാരാഷ്‌ട്രയിലെ താനെയ്ക്കു സമീപം അംബർനാഥ് ഈസ്റ്റ് സ്വദേശിയാണ്. ജമ്മു കശ്മീരിലെ എൻഐടി (മുൻ ആർഇസി)യിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയശേഷമാണ് നക്സൽ പ്രവർത്തനത്തിലേക്കു തിരിഞ്ഞത്. അച്ഛൻ മുംബൈയിലെ ട്രെയ്ഡ് യൂണിയൻ നേതാവായിരുന്നു.