
ആകാശ് ആനന്ദ്, മായാവതി
ലക്നൗ: ബഹുജൻ സമാജ് പാർട്ടിയുടെ (ബിഎസ്പി) എല്ലാ ചുമതലകളിൽ നിന്നും അനന്തരവൻ ആകാശ് ആനന്ദിനെ നീക്കിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിഎസ്പി അധ്യക്ഷ മായാവതി. ഭാര്യാപിതാവ് അശോക് സിദ്ധാർത്ഥിന്‍റെ സ്വാധീനതയിലാണ് ആകാശ് പ്രവർത്തിക്കുന്നതെന്ന് കുറ്റപ്പെടുത്തിയാണ് മായാവതിയുടെ നടപടി.
പാർട്ടി നേരത്തെ പുറത്താക്കിയിട്ടുള്ള നേതാവാണ് അശോക് സിദ്ധാർഥ്. ആകാശിന്‍റെ രാഷ്‌ട്രീയ ജീവിതം തകർന്നതിനുള്ള കാരണവും പാർട്ടിക്കുള്ളിൽ നിലവിലുള്ള പ്രശ്‌നങ്ങൾക്കുത്തരവാദിയും ആകാശിന്‍റെ ഭാര്യാപിതാവ് അശോക് സിദ്ധാർഥാണെന്ന് മായാവതി കുറ്റപ്പെടുത്തി.
താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം തനിക്ക് പിൻഗാമികളില്ലെന്ന് പ്രഖ്യാപിച്ചാണ് പാർട്ടി ചുമതലകളിൽ നിന്ന് ആകാശിനെ മായാവതി ഒഴിവാക്കിയത്.
ഇത് രണ്ടാംതവണയാണ് ആകാശിനെ പാർട്ടി നേതൃത്വത്തിൽനിന്ന് പുറത്താക്കുന്നത്. 2019ലാണ് ആകാശിന് ബിഎസ്പി ദേശീയ കോഡിനേറ്ററായി നിയമിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കഴിഞ്ഞ വർഷം മെയ് ഏഴിനാണ് അദ്ദേഹത്തെ സ്ഥാനത്ത് നിന്നും നീക്കിയത്.
സീതാപൂരിൽ നടത്തിയ പ്രസംഗത്തിൽ വിദ്വേശ പരാമർശം നടത്തിയതിന് കേസ് എടുത്തതിന് പിന്നാലെയായിരുന്നു നടപടി. എന്നാൽ ജൂൺ 23 ന് ആകാശ് വീണ്ടും പദവിയിൽ തിരിച്ചെത്തുകയായിരുന്നു.