മെഹുൽ ചോക്സിയെ വിട്ടുകിട്ടാൻ കടമ്പകൾ ഏറെ

കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാൻ നീക്കങ്ങള്‍ ആരംഭിച്ചു
Mehul Choksi extradition from Belgium tough

ബെൽജിയത്തിൽ കസ്റ്റഡിയിലായ മെഹുൽ ചോക്സി

Updated on

ന്യൂഡല്‍ഹി: ബെല്‍ജിയത്തില്‍ അറസ്റ്റിലായ പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്കു വിട്ടുകിട്ടാൻ കടമ്പകളേറെ. കേന്ദ്ര അന്വേഷണ ഏജന്‍സികളായ സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക് പോകാൻ നീക്കങ്ങള്‍ ആരംഭിച്ചു. ചോക്സിയെ കൈമാറുന്നതിനുള്ള രേഖകള്‍ തയാറാക്കുന്നതുൾപ്പെടെ ബെൽജിയം സർക്കാരുമായി ബന്ധപ്പെട്ട തുടർനടപടികൾക്കാണ് ഇവരുടെ യാത്ര.

എന്നാൽ. യൂറോപ്യൻ രാജ്യത്തു നിന്ന് ഒരു പ്രതിയെ വിട്ടുകിട്ടുക എളുപ്പമല്ലെന്നാണു നിയമ- നയതന്ത്ര വിദഗ്ധരുടെ നിഗമനം. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദിയെയും വിജയ് മല്യയെയും യുകെയിൽ നിന്ന് പിടികൂടി കൊണ്ടുവരാൻ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇതിനു സമാനമാകും ചോക്സിയുടെ കൈമാറ്റമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കുറ്റവാളി കൈമാറ്റത്തിൽ ബെൽജിയം നിർദേശിക്കുന്ന "ഇരട്ട കുറ്റകൃത്യ'മാണു പ്രധാന തടസം. കുറ്റം ചെയ്ത രാജ്യതും പിടിയിലായ രാജ്യത്തും ഒരുപോലെ ശിക്ഷിക്കപ്പെടാവുന്ന കുറ്റമായിരിക്കണം പ്രതി ചെയ്തതെന്നാണ് ഇതിൽ പറയുന്നത്. അഥവാ, ഇന്ത്യയിൽ ചോക്സിക്കെതിരേ ചുമത്തിയ കേസുകളെല്ലാം ബെൽജിയത്തിലെ നിയമപ്രകാരവും ശിക്ഷപ്പെടുന്നതായിരിക്കണം. ഇതു തെളിയിക്കാൻ ദീർഘമായ നിയമനടപടികൾ വേണ്ടിവന്നേക്കും. യൂറോപ്യൻ കൺവെൻഷൻ പ്രകാരമുള്ള മനുഷ്യാവകാശങ്ങൾ പാലിക്കാൻ ബാധ്യസ്ഥമാണു ബെൽജിയം. ഇതും കൈമാറ്റത്തിന് വെല്ലുവിളിയാണ്.

13500 കോടിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പ്രധാന പ്രതിയാണ് അറുപത്തഞ്ചുകാരൻ മെഹുൽ ചോക്സി. ഇന്ത്യന്‍ ഏജൻസികളുടെ ആവശ്യപ്രകാരം 12 നാണ് ചോക്സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്‍ജിയത്തിലേക്ക് പോകാനുള്ള ഉദ്യോഗസ്ഥരുടെ പേരുകള്‍ ഇഡി, സിബിഐ ആസ്ഥാനങ്ങളില്‍ തയാറായി വരികയാണ്. ഇരു ഏജന്‍സികളില്‍ നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക.

അറസ്റ്റിന് പിന്നാലെ ചോക്സിക്ക് ജാമ്യം ലഭ്യമാക്കുനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ചോക്സിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. ക്യാന്‍സര്‍ ചികിത്സ നടത്തുകയാണെന്നും യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2018 ലും 2021 ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച രണ്ട് അറസ്റ്റ് വോറന്‍റുകളുടെ അടിസ്ഥാനത്തിലാണ് ചോക്‌സിയെ പിടികൂടിയിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com