
കരൺദീപ് സിങ് റാണ
ഡെറാഡൂൺ: മർച്ചന്‍റ് നേവി കേഡറ്റിനെ കാണാതായതായി റിപ്പോർട്ടുകൾ. ഇറാഖിൽ നിന്നും ചൈനയിലേക്കുള്ള യാത്രക്കിടെയാണ് കരൺദീപ് സിങ് റാണ എന്ന 22 വയസുകാരനെ കാണാതായത്.
കരൺദീപ് സിങ് റാണ ഉത്തരാഖണ്ഡിൽ നിന്നുള്ള സീനിയർ ഡെക്ക് കേഡറ്റാണ്. അദ്ദേഹത്തെ കാണാനില്ലെന്ന് വ്യക്തമാക്കി ഷിപ്പിങ് കമ്പനിയായ എക്സിക്യൂട്ടീവ് ഷിപ്പ് മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഒരു കോൾ ലഭിച്ചതായി കരൺദീപ് സിങിന്‍റെ പിതാവ് നരേന്ദ്ര റാണ പ്രതികരിച്ചു.
നരേന്ദ്ര റാണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് കത്തെഴുതുകയും പ്രധാനമന്ത്രിയുടെ പോർട്ടലിൽ സഹായം അഭ്യർഥിക്കുകയും ചെയ്തു. സെപ്റ്റംബർ 20 നാണ് മകനുമായി അവസാനമായി സംസാരിച്ചതെന്ന് പിതാവ് പറയുന്നു.
ആദ്യം ഇറാഖിലേക്ക് പോയ കപ്പൽ പിന്നീട് ശ്രീലങ്ക, സിംഗപ്പൂർ വഴി ചൈനയിലേക്ക് പോവുകയായിരുന്നു. ശ്രീലങ്കയ്ക്കും സിംഗപ്പൂരിനും ഇടയിൽ ചൈനയിലേക്കുള്ള യാത്രാമധ്യേ കരൺദീപിനെ കാണാതായതായി കരുതപ്പെടുന്നത്.
കരൺദീപ് ഇപ്പോഴും സുരക്ഷിതനായി ഉണ്ടാവാമെന്ന് കമ്പനി പ്രതികരിച്ചെങ്കിലും പൂർണമായ വിവരങ്ങൾ ലഭ്യമല്ല. ഷിപ്പിങ് കമ്പനി സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തുന്നതായി അറിയിച്ചതായാണ് വിവരം.