

മെറ്റയ്ക്കെതിരേ ബെംഗളൂരുവിൽ യൂത്ത് കോൺഗ്രസ് സ്ഥാപിച്ച ഹോർഡിങ്
ബെംഗളൂരു: രാഷ്ട്രീയ പക്ഷപാതം ആരോപിച്ച് സമൂഹ മാധ്യമ കമ്പനിയായ മെറ്റയ്ക്കെതിരേ ബെംഗളൂരുവിൽ യൂത്ത് കോൺഗ്രസിന്‍റെ പോസ്റ്റർ. 'മെറ്റ, ബിജെപിയുടെ കുട്ടി' എന്ന പോസ്റ്ററാണ് യൂത്ത് കോൺഗ്രസ് പുറത്തിറക്കിയത്. ബിജെപിക്ക് അനുകൂലമായ നിലപാടാണ് കമ്പനി സ്വീകരിക്കുന്നതെന്നും വ്യാജവാർത്തകൾ പ്രചരിക്കാൻ അനുവദിക്കുന്നുവെന്നും വിദ്വേഷപ്രചാരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള കെംപഗൗഡ എയർപോർട്ട് റോഡിലെ സദഹള്ളി ഗേറ്റിന് സമീപമാണ് വലിയ ഹോർഡിങ് സ്ഥാപിച്ചത്. മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗിനെ ആർഎസ്എസ് വേഷവിധാനത്തിൽ ചിത്രീകരിച്ചാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. കാക്കി ട്രൗസറും വെള്ള ഷർട്ടും കറുത്ത തൊപ്പിയും നെറ്റിയിൽ കുങ്കുമക്കുറിയുമാണ് സക്കർബർഗിന്‍റെ വേഷം. ഷർട്ടിൽ മെറ്റയുടെ ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്.
'മാർക്ക് ബിജെപി-ബർഗ്' എന്ന് എഴുതിയിരിക്കുന്ന പോസ്റ്ററിൽ 'മെറ്റ, ബിജെപി കാ ബേട്ട' (മെറ്റ, ബിജെപിയുടെ കുട്ടി) എന്ന മുദ്രാവാക്യവുമുണ്ട്. വിദ്വേഷപ്രചാരണങ്ങൾ തടയുന്നതിൽ വിവേചനപരമായ സമീപനമാണ് മെറ്റ സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങുന്നുവെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. വിമാനത്താവള റോഡിലെ ചിക്കജാല ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
സംഭവത്തിൽ ബിജെപിയോ മെറ്റയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഫെയ്സ്ബുക്ക്, വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം എന്നിവയുടെ ഉടമസ്ഥരാണ് അമെരിക്കൻ കമ്പനിയായ മെറ്റ.