മെറ്റ മാപ്പ് പറയണം; അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വിദ്യാർഥികളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ഉള്ളടക്കം മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ അടിച്ചമര്‍ത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു
Youth Congress protests, demanding an explanation for the removal of Meta accounts.

മെറ്റ അക്കൗണ്ടുകള്‍ നീക്കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

Updated on

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്കും സസ്‌പെന്‍ഡും ചെയ്തതില്‍ മാപ്പ് പറയണമെന്നും വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ മെറ്റയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്ന ആഡംബര ഹോട്ടലിന് മുന്നില്‍ പ്രതിഷേധിച്ചു. 'പൗരന്മാരുടെ ശബ്ദം ഇല്ലാതാക്കി; പ്രധാനമന്ത്രിയോട് മാത്രം മാപ്പ് പറഞ്ഞു' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു വ്യാഴാഴ്ച പ്രതിഷേധം നടത്തിയത്.

വിദ്യാർഥികളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും ഉള്ളടക്കം മെറ്റയുടെ പ്ലാറ്റ്‌ഫോമുകളില്‍ അടിച്ചമര്‍ത്തുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് താല്‍ക്കാലികമായി നീക്കിയ സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മെറ്റ മാപ്പ് പറഞ്ഞെങ്കിലും, സാധാരണ ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്നതിലും ഉള്ളടക്കം നീക്കം ചെയ്യുന്നതിലും എന്തുകൊണ്ടാണ് വ്യക്തതയില്ലാത്തതെന്ന് മെറ്റ വിശദീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. എല്ലാ ഉപയോക്താക്കള്‍ക്കും ഒരുപോലെ നീതിപൂര്‍വമായ സമീപനവും അക്കൗണ്ടുകളുമായി ബന്ധപ്പെട്ട നടപടികളില്‍ സുതാര്യതയും ഉറപ്പാക്കണമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു.

ബുധനാഴ്ച മെറ്റയുടെ ചീഫ് ഗ്ലോബല്‍ അഫയേഴ്‌സ് ഓഫീസര്‍ ജോയല്‍ കാപ്ലന്‍, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം 'പിഴവായിരുന്നു' എന്ന് വ്യക്തമാക്കി മാപ്പ് പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ജൂലൈ 23ലെ ഫെയ്സ്ബുക്ക് പോസ്റ്റ് താല്‍ക്കാലികമായി നീക്കം ചെയ്ത സംഭവത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മെറ്റയുടെ ആഗോള ഉദ്യോഗസ്ഥരെ വിശദീകരണത്തിനായി വിളിച്ചുവരുത്തുകയും പാര്‍ലമെന്‍ററി സമിതി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിനോട് മൂന്ന് ദിവസത്തിനകം മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

logo
Metro Vaartha
www.metrovaartha.com