ഡൽഹി സർക്കാർ ആശുപത്രികളിൽ നിലവാരം കുറഞ്ഞ മരുന്ന് ; സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ ശുപാർശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രികളിൽ നിലവാരം കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്തുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഡൽഹി ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയുടെ ശുപാർശപ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി സർക്കാരിന്‍റെ മൊഹല്ല ക്ലിനിക്കുകളിൽ അടക്കം വിതരണം ചെയ്ത മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതായി സക്സേന പറഞ്ഞു. ജീവനു പോലും ഭീഷണിയാകുന്ന വിധത്തിലുള്ള മരുന്നുകളാണ് വിതരണം ചെയ്തിരുന്നതെന്നും സക്സേന ആരോപിച്ചു. ശ്വാസകോശത്തിനെയും മൂത്രനാളിയെയും ബാധിക്കുന്ന അണുബാധയെ ഭേദമാക്കാൻ ഉപയോഗിക്കുന്ന ആന്‍റിബയോട്ടിക് മരുന്നുകൾ പോലും നിലവാരമില്ലാത്തവയായിരുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.

സ്റ്റീറോയിഡുകൾ, ശരീരത്തിലെ നീർവീഴ്ച ഭേദമാക്കാനുള്ള മരുന്നുകൾ, അപസ്മാരം ഒഴിവാക്കുന്നതിനുള്ള മരുന്നുകൾ, മാനസിക പ്രശ്നങ്ങൾ കുറക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവയും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വിജിലൻസ് ഡിപ്പാർട്മെന്‍റ് കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 43 മരുന്നുകളുടെ സാമ്പിളുകളാണ് സർക്കാർ ലബോറട്ടറിയിൽ പരിശോധനയ്ക്കായി അയച്ചിരുന്നത്. ഇതിൽ 3 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. 12 മരുന്നുകളുടെ പരിശോധനാഫലം വന്നിട്ടില്ല. സ്വകാര്യ ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ച 43 മരുന്നുകളിൽ 5 എണ്ണം പരിശോധനയിൽ പരാജയപ്പെട്ടു.

ഡൽഹിയിൽ സുശക്തമായ ആരോഗ്യമേഖലയെ തകർക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി വക്താക്കൾ ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com