

ഭഗീരഥ് ചൗധരി
File
ന്യൂഡൽഹി: വെള്ളരി കൃഷിക്ക് സ്വന്തം വകുപ്പിൽ നിന്നു കൈപ്പറ്റിയ സബ്സിഡി കേന്ദ്ര കൃഷി- കർഷകക്ഷേമ സഹമന്ത്രി ഭഗീരഥ് ചൗധരി തിരിച്ചടച്ചു. നാഷണൽ ഹോർട്ടികൾച്ചർ ബോർഡിൽ (എൻഎച്ച്ബി) നിന്നു കൈപ്പറ്റിയ 99 ലക്ഷം രൂപയാണു വിവാദത്തെത്തുടർന്നു മന്ത്രി തിരികെ നൽകിയത്. പണം ബന്ധപ്പെട്ട ബാങ്കിൽ അടച്ചതായി ചൗധരി അറിയിച്ചെന്ന് തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ ചോദ്യത്തിനു മറുപടിയായി കൃഷി- കർഷകക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കുർ ലോക്സഭയിൽ അറിയിച്ചു.
സംയോജിത ഹോർട്ടികൾച്ചർ വികസന പരിപാടിക്കു കീഴിൽ വെള്ളരി, കാപ്സിക്കം, തക്കാളി തുടങ്ങിയവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കു നൽകുന്ന സബ്സിഡിയാണു മന്ത്രി സ്വന്തം പേരിലാക്കിയത്. ഒരു കുടുംബത്തിന് മൊത്തം കൃഷിച്ചെലവിന്‍റെ 50 ശതമാനമാണ് പദ്ധതി പ്രകാരം സബ്സിഡി.
പരമാവധി ഒരു കോടി രൂപവരെ ലഭിക്കും. 2025ൽ ഈ പരിപാടിക്കു കീഴിൽ അംഗീകരിച്ച 467 പദ്ധതികളിലൊന്നായിരുന്നു ചൗധരിയുടേത്. 16592 ചതുരശ്ര മീറ്റർ ഭൂമിയിലെ കൃഷിക്ക് മന്ത്രി ഒരു കോടിയോളം സബ്സിഡി വാങ്ങിയെന്ന വിവരം ഒരു ദേശീയ മാധ്യമമാണു പുറത്തവിട്ടത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ നരേഷ് പാൽ ഗംഗ്വാറിന്‍റെ കുടുംബം അഞ്ചു വർഷത്തിനിടെ 1.16 കോടി സബ്സിഡി വാങ്ങിയിട്ടുണ്ടെന്നും ഈ മാധ്യമം വെളിപ്പെടുത്തിയിരുന്നു.
പൊതുപ്രവർത്തകരോ അവരുടെ കുടുംബാംഗങ്ങളോ സമർപ്പിക്കുന്ന അപേക്ഷകൾ ഒഴിവാക്കാനോ പദവികളിൽ നിന്ന് സ്വയം മാറിനിൽക്കാനോ ഉള്ള ഒരു വ്യവസ്ഥയും നിലവിലെ എൻഎച്ച്ബി മാർഗരേഖകളിലില്ലെന്നും അഭിഷേക് ബാനർജിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. കൂടാതെ, രാജസ്ഥാനിലെ ജലോറിൽ നിന്നുള്ള ബിജെപി എംപി ലുംബാറാം ചൗധരിക്കും ഇതേ പരിപാടിയിൽ സബ്സിഡി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.