

പറ്റ്ന: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരേ വിശാല സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിനിടെ ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് സ്വന്തം തട്ടകത്തിൽ തിരിച്ചടി. സഖ്യകക്ഷിയായ ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ അധ്യക്ഷൻ സന്തോഷ് സുമൻ ബിഹാർ മന്ത്രിസഭയിൽ നിന്നു രാജിവച്ചു. പട്ടികജാതി, പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്നു സുമൻ. തന്റെ പാർട്ടിയെ ജെഡിയുവിൽ ലയിപ്പിക്കാൻ നിതീഷ് സമ്മർദം ചെലുത്തുന്നുവെന്ന് ആരോപിച്ചാണു സുമന്റെ രാജി.
നാലംഗങ്ങളുള്ള എച്ച്എഎമ്മിന്റെ ഏക മന്ത്രിയും ബിഹാർ മുൻ മുഖ്യമന്ത്രി കൂടിയായ ജീതൻ റാം മാഞ്ചിയുടെ മകനുമാണു സുമൻ. നിതീഷിനോടു പിണങ്ങി ജെഡിയു വിട്ടപ്പോൾ മാഞ്ചി രൂപീകരിച്ചതാണ് എച്ച്എഎം. തന്റെ പാർട്ടിയുടെ നിലനിൽപ്പു തന്നെ ഭീഷണിയിലാണെന്നും എച്ച്എഎമ്മിന്റെ രക്ഷയ്ക്കു വേണ്ടിയാണു സഖ്യം വിടുന്നതെന്നും സുമൻ. 23ന് പറ്റ്നയിൽ നിതീഷ് വിളിച്ചുചേർക്കുന്ന പ്രതിപക്ഷ യോഗത്തിലേക്കു ക്ഷണമുണ്ടോ എന്ന ചോദ്യത്തിന് തങ്ങളെ ഒരു പാർട്ടിയായി പോലും പരിഗണിക്കുന്നില്ലാത്തിടത്ത് എങ്ങനെ ക്ഷണം ലഭിക്കുമെന്നു സുമൻ ചോദിച്ചു. സുമന്റെ രാജി സ്വീകരിച്ചോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. എന്നാൽ, എച്ച്എഎം പോയാലും ബിഹാറിലെ ഭരണസഖ്യത്തെ ബാധിക്കില്ലെന്ന് ജെഡിയു വൃത്തങ്ങൾ പറഞ്ഞു.