
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമനു പിന്നാലെ യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരേ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്ങും ഹർദീപ് പുരിയും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമെരിക്ക സന്ദർശനത്തിനിടെ ഇന്ത്യയിൽ ന്യൂനപക്ഷമായ മുസ്ലിംകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പടുന്നില്ലെന്ന ഒബാമയുടെ ആരോപണത്തിനാണ് ഇരുവരും മറുപടി നൽകിയത്.
വസുധൈവ കുടുംബകം എന്ന ഇന്ത്യൻ തത്വം ഒബാമ മറക്കരുതെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ലോകത്തെ മുഴുവൻ പേരെയും കുടുംബാംഗങ്ങളായി കാണുന്ന ഏക രാജ്യമാണ് ഇന്ത്യ. എത്ര മുസ്ലിം രാഷ്ട്രങ്ങളെ താൻ ആക്രമിച്ചെന്ന് ഒബാമ സ്വയം ചിന്തിച്ചുനോക്കണമെന്നും രാജ്നാഥ് വ്യക്തമാക്കി. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം മാത്രമല്ല, ജനാധിപത്യത്തിന്റെ അമ്മ കൂടിയാണെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി പറഞ്ഞു. നിരാശ പ്രകടിപ്പിക്കാൻ പല വഴികളുമുണ്ട്. പക്ഷേ, അതു തിരിച്ചടിക്കുമെന്നും മറക്കരുതെന്ന് ഹർദീപ് പുരി. എല്ലാ വിഭാഗവും ഒരുപോലെ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്ന സമൂഹമാണ് ഇന്ത്യയിലെന്നും 1984ലേതു പോലെ കലാപങ്ങളുണ്ടാകുന്നില്ലെന്നും ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
നേരത്തേ, സ്വന്തം ഭരണകാലത്ത് ആറു മുസ്ലിം രാഷ്ട്രങ്ങളിലായി 26,000 ബോംബുകൾ വർഷിച്ചത് ഒബാമ മറക്കരുതെന്നു നേരത്തേ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഒബാമ ആദ്യം കണ്ണാടി നോക്കിയിട്ടു മതി അഭിപ്രായം പറയാനെന്നായിരുന്നു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ മറുപടി.
മുൻ പ്രസിഡന്റിനെ തള്ളി മുൻ മതസ്വാതന്ത്ര്യ കമ്മിഷണറും
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ബരാക് ഒബാമ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ വിമർശനം തള്ളി യുഎസ് മതസ്വാതന്ത്ര്യ കമ്മിഷന്റെ മുൻ അധ്യക്ഷൻ ജോണി മൂർ. മോദിയെ വിമര്‍ശിക്കുകയല്ല, പകരം അഭിനന്ദിക്കുകയാണ് ഒബാമ ചെയ്യേണ്ടിയിരുന്നത്.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യ ഒരു പരിപൂർണതയുള്ള രാജ്യമല്ല. യുഎസും അങ്ങനെയല്ല. എന്നാൽ, വൈവിധ്യമാണ് ഇന്ത്യയുടെ കരുത്ത്. വാസ്തവത്തില്‍ മോദിയുടെ പുകഴ്ത്തുകയാണ്. നമുക്ക് സാധ്യമായ അവസരങ്ങളിലെല്ലാം ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പ്രശംസിക്കുകയും അവർക്കൊപ്പം നിൽക്കുകയുമാണ് ചെയ്യേണ്ടതെന്ന് സുവിശേഷകൻ കൂടിയായ ജോണി മൂര്‍ പറഞ്ഞു.