
ഛണ്ഡിഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടഡ് കോൺഗ്രസ് എംഎൽഎ മമൻ ഖാൻ അറസ്റ്റിൽ. സംഘർഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഹരിയാന പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് മുന്നോടിയായി നൂഹിൽ 144 പ്രഖ്യാപിച്ചിരുന്നു. വലിയ പൊലീസ് സംഘത്തെ വിന്യസിച്ചതിനു പുറകേ പ്രദേശത്തെ ഇന്‍റർനെറ്റ് സേവനവും താത്കാലികമായി റദ്ദാക്കിയിരുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഓഗസ്റ്റ് 25ന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം എംഎൽഎയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ 10 ദിവസം നീട്ടി നൽകണമെന്ന് എംഎൽഎ അന്വേഷണ സംഘത്തെ അറിയിച്ചു. എംഎൽഎ അന്വേഷണവുമായി സഹകരിക്കാൻ തയാറാകാതെ വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൂഹിൽ സംഘർഷമുണ്ടായ ജൂലൈ 31ന് ഒരു ദിവസം മുൻപ് മമൻ ഖാൻ പ്രദേശത്തുണ്ടായിരുന്നുവെന്നും നിരവധി ഫോൺകോളുകൾ കൈമാറിയെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് 52 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. ഇതിൽ 42 പേർ അറസ്റ്റിലായി.