മേഘാലയ മുഖ്യമന്ത്രിയുടെ ഓഫിസ് ജനക്കൂട്ടം ആക്രമിച്ചു

ജനക്കൂട്ടം ഔദ്യോഗിക വസതി വളഞ്ഞ് കല്ലേറ് നടത്തി
പരിക്കേറ്റ ശേഷം മുറിക്കുള്ളിലേക്ക് കൊണ്ടു വന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്ന മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മ.
പരിക്കേറ്റ ശേഷം മുറിക്കുള്ളിലേക്ക് കൊണ്ടു വന്ന സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്ന മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മ.

ഗോഹട്ടി: മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സംഗ്മയുടെ ഓഫിസിൽ ജനക്കൂട്ടത്തിന്‍റെ ആക്രമണം. മുഖ്യമന്ത്രിയുടെ വസതി ജനക്കൂട്ടം വളഞ്ഞതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന അഞ്ച് പൊലീസുകാർക്കു പരിക്കേറ്റു.

സംഗ്മയും മറ്റൊരു മന്ത്രിസഭാംഗവും വസതിയിലുള്ള ഓഫിസ് മുറിയിലിരിക്കുന്ന സമയത്താണ് ജനക്കൂട്ടം വളഞ്ഞത്. ഇവർ വസതിക്കു നേരേ കല്ലേറ് നടത്തുകയും ചെയ്തു. കണ്ണീർവാതകം പ്രയോഗിച്ചാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.

മുഖ്യമന്ത്രിയുടെ ടൂറയിലെ വസതിയിലാണ് സംഭവം. ടൂറയെ മേഘാലയയുടെ ശീതകാല തലസ്ഥാനമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇവിടെ നിരാഹാര സത്യഗ്രഹം നടത്തിവരുകയാണ്. ഇവരുമായി സംസാരിക്കാനാണ് സംഗ്മ തിങ്കളാഴ്ച സ്ഥലത്തെത്തിയത്. ചർച്ച നടക്കുന്നതിനിടെയാണ് പുറത്തു നിന്നവർ കല്ലേറ് തുടങ്ങുന്നത്.

സംഗ്മയ്ക്ക് ആക്രമണത്തിൽ പരിക്കൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, വസതിയിലേക്കുള്ള റോഡ് പ്രക്ഷോഭകർ ഉപരോധിച്ചതിനാൽ അദ്ദേഹത്തിന് മണിക്കൂറുകളോളം അവിടെനിന്നു പുറത്തുകടക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com