രാത്രി 11 മുതൽ രാവിലെ 5 വരെ ട്രെയ്നുകളിൽ മൊബൈൽ ചാർജിങ് പാടില്ല; നിർദേശം കർശനമായി നടപ്പാക്കാൻ റെയ്ൽ‌വേ

നിശ്ചിത സമയത്ത് ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഒക്റ്റോബർ 26ന് നൽകിയ കത്തിൽ എല്ലാ സോണൽ റെയ്ൽവേകൾക്കും ബോർഡ് നിർദേശം നൽകി
Mobile charging is not permitted on trains between 11 PM and 5 AM.

രാത്രി 11 മുതൽ രാവിലെ 5 വരെ ട്രെയ്നുകളിൽ മൊബൈൽ ചാർജിങ് പാടില്ല

Updated on: 

ന്യൂഡൽഹി: ട്രെയ്നുകളിൽ രാത്രി 11 മുതൽ രാവിലെ 5 വരെ മൊബൈൽ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യണമെന്ന നിർദേശം കർശനമായി നടപ്പാക്കാൻ റെയ്ൽവേ ബോർഡ്. അടുത്തിടെ മുംബൈ ലോക്കൽ ട്രെയ്നിൽ ചാർജിങ്ങിനിടെ യാത്രക്കാരന്‍റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. നിശ്ചിത സമയത്ത് ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യുന്നതിൽ വീഴ്ച വരുത്തരുതെന്ന് ഒക്റ്റോബർ 26ന് നൽകിയ കത്തിൽ എല്ലാ സോണൽ റെയ്ൽവേകൾക്കും ബോർഡ് നിർദേശം നൽകി.

ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ ട്രെയ്നുകളിലെ ജീവനക്കാർക്ക് നിർദേശം നൽകാനും ആവശ്യമായ ബോധവത്കരണവും പരിശീലനവും നൽകാനും റെയ്ൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരും സൂപ്പർവൈസർമാരും അപ്രതീക്ഷിത പരിശോധനകൾ നടത്തണം. സുരക്ഷാ നിർ‌ദേശം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ബോർഡ് മുന്നറിയിപ്പ് നൽകി.

രാത്രിയിൽ പവർ ബാങ്ക് പൊട്ടിത്തെറിച്ച് കോച്ചിൽ പുക നിറഞ്ഞ സംഭവമാണ് നിർദേശം കർശനമായി നടപ്പാക്കാനുള്ള നടപടികളിലേക്ക് റെയ്ൽവേയെ നയിച്ചത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിരുന്നില്ല.

2014 ജൂൺ 19നാണ് ട്രെയ്നുകളിൽ രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യണമെന്ന നിർദേശം ആദ്യമായി പുറപ്പെടുവിച്ചത്. ബെംഗളൂരു-ഹസുർ സാഹിബ് നാന്ദേഡ് എക്സ്പ്രസിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്നായിരുന്നു ഈ നടപടി. തുടർന്ന് 2021 മാർച്ചിലും നിർദേശം കർശനമായി നടപ്പാക്കാൻ റെയ്ൽവേ ബോർഡ് ആവശ്യപ്പെട്ടിരുന്നു. രാത്രിയാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപ് മൊബൈൽ ഫോണുകളും മറ്റു ഇലക്‌ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com