

'യുദ്ധം അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ യാചിച്ചു, ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല': പ്രധാനമന്ത്രി
കാൺപുർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ കരുത്ത് ഓപ്പറേഷൻ സിന്ദൂറിൽ തെളിഞ്ഞെന്നും യുദ്ധം നിർത്തണമെന്ന് അപേക്ഷിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതമാക്കിയത് ഈ ആയുധങ്ങളാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരായ നടപടി അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുപിയിൽ 47600 കോടിയുടെ 15 വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭീകരതയ്ക്കെതിരേ ഇന്ത്യയുടെ മൂന്നു പുതിയ നിലപാടുകളും മോദി പ്രഖ്യാപിച്ചു. ഓരോ ഭീകരാക്രമണത്തിനും അതിന്‍റെ സ്വഭാവവും സമയവുമെല്ലാം കണക്കിലെടുത്ത് സൈന്യം സ്വതന്ത്രമായി തിരിച്ചടി നൽകും. ആണവായുധത്തിന്‍റെ പേരിലുള്ള ഒരു ഭീഷണിയെയും വകവയ്ക്കില്ല. ഭീകരതയെയും അതിന്‍റെ നേതാക്കളെയും ഒരേ പോലെ കാണും എന്നിവയാണു മോദി പ്രഖ്യാപിച്ച പുതിയ സമീപനങ്ങൾ.
ഏപ്രിൽ 24നു നടത്താനിരുന്ന പരിപാടിയായിരുന്നു കാൺപുരിലേത്. എന്നാൽ, 22നുണ്ടായ പഹൽഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു. കാൺപുരിലെ വ്യവസായി ശുഭം ദ്വിവേദിയുൾപ്പെടെ 26 പേരാണു പഹൽഗാമിൽ കൊല്ലപ്പെട്ടത്.
ദ്വിവേദിയുടെ പേര് പരാമർശിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. നമ്മുടെ മകൾ ഐശന്യ (ശുഭം ദ്വിവേദിയുടെ വിധവ)യുടെ ദുഃഖവും രോഷവും നമ്മുടെയെല്ലാം മനസുകളെയും ഉലയ്ക്കുന്നുണ്ട്. ഓപ്പറേഷൻ സിന്ദൂറിലൂടെ നമ്മുടെ സഹോദരിമാരുടെയും പെൺമക്കളുടെയും രോഷമെന്താണെന്നു ലോകം കണ്ടു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. തദ്ദേശീയമായി വികസിപ്പിച്ച ആയുധങ്ങളുടെ കരുത്താണ് നമ്മൾ ലോകത്തിനു കാണിച്ചുകൊടുത്തത്.
പാക്കിസ്ഥാനിലേക്ക്, നൂറുകണക്കിനു മൈലുകൾ ഉള്ളിൽ കടന്ന് നമ്മൾ ഭീകരരുടെ താവളങ്ങൾ തകർത്തു. ബ്രഹ്മോസ് ഉൾപ്പെടെ ഇന്ത്യൻ ആയുധങ്ങൾ അവിടെ വലിയ നാശമുണ്ടാക്കി. അതോടെ പാക് സേന യുദ്ധം നിർത്താൻ അപേക്ഷിക്കുകയായിരുന്നു. ഭരണകൂടവും ഭീകരരും ചേർന്നുള്ള പാക്കിസ്ഥാന്‍റെ കപടതന്ത്രങ്ങൾ ഇനി വിലപ്പോവില്ലെന്നും മോദി പറഞ്ഞു. മോദിയുടെ വാക്കുകൾ വലിയ കരഘോഷത്തോടെയാണ് സദസ് വരവേറ്റത്.