സുപ്രിയ സുലെയുടെ മകളുടെ വിവാഹ സൽക്കാരത്തിൽ മോദിയും അമിത് ഷായും രാഹുൽ ഗാന്ധിയും; അപൂർവ രാഷ്ട്രീയ കൂടിക്കാഴ്ച

രാഷ്ട്രീയ എതിരാളികളായ അമിത് ഷായും രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ചടങ്ങിലെ ശ്രദ്ധേയ കാഴ്ചയായി
Union Home Minister Amit Shah and Congress leader Rahul Gandhi at the wedding reception of Supriya Sule's daughter.

സുപ്രിയ സുലെയുടെ മകളുടെ വിവാഹ സൽക്കാരത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ

Updated on

ന്യൂഡൽഹി: എൻസിപി (ശരദ് പവാർ) നേതാവും ലോക്സഭാംഗവുമായ സുപ്രിയ സുലെയുടെ മകൾ രേവതി സുലെയുടെ വിവാഹ സൽക്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. ഡൽഹിയിലെ 6 ജൻപഥിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ചടങ്ങ്.

രാഷ്ട്രീയ എതിരാളികളായ അമിത് ഷായും രാഹുൽ ഗാന്ധിയും ഒരേ വേദിയിൽ പ്രത്യക്ഷപ്പെട്ടത് ചടങ്ങിലെ ശ്രദ്ധേയ കാഴ്ചയായി. അമിത് ഷാ പാർലമെന്‍റിൽ എത്തി വിദ്യാർഥി പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയിൽ വിശദീകരണം നൽകണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെടുന്നതിനിടെയാണ് ഇരുവരും വിവാഹ സൽക്കാരത്തിൽ ഒരുമിച്ച് എത്തിയത്.

നാഗ്പുരിലെ വ്യവസായിയായ സാരംഗ് ലഖാനിയെയാണ് രേവതി സുലെ വിവാഹം കഴിച്ചത്. ജൂണിൽ മുംബൈയിലായിരുന്നു വിവാഹം. ഇതിന്റെ ഭാഗമായാണ് ഡൽഹിയിൽ വിപുലമായ വിവാഹസൽക്കാരം സംഘടിപ്പിച്ചത്.

അമിത് ഷാ വേദിയിലേക്ക് എത്തുന്നതിനിടെ സുപ്രിയ സുലെ അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിക്കുന്നതും കാണാമായിരുന്നു. കൈകൾ കൂപ്പി നമസ്കരിച്ചുകൊണ്ട് വേദിയിലെത്തിയ അമിത് ഷായെ നവദമ്പതികൾ കാൽതൊട്ട് അനുഗ്രഹം തേടി സ്വീകരിച്ചു. തുടർന്ന് അദ്ദേഹം ഇരുവർക്കും പൂച്ചെണ്ട് സമ്മാനിച്ചു. തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി അമ്മ സോണിയ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കുമൊപ്പമാണ് വേദിയിലെത്തിയത്. സുപ്രിയ സുലെ ഇവരെ വേദിയിലേക്ക് സ്വീകരിച്ചു.

അതിഥികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സോണിയ ഗാന്ധി വേദിയുടെ ഒരറ്റത്തേക്ക് മാറിനിന്നപ്പോൾ സുപ്രിയ സുലെ അവരെ നവദമ്പതികൾക്കിടയിൽ നിർത്തി. തുടർന്ന് രാഹുൽ ഗാന്ധിയെയും അവർക്കരികിലേക്ക് ക്ഷണിച്ചു. ഇതോടെ നവദമ്പതികൾക്ക് ചുറ്റുമായി ഗാന്ധി കുടുംബാംഗങ്ങൾ അണിനിരന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു. അദ്ദേഹം ശരദ് പവാറിനെയും ഭാര്യയെയും കണ്ടശേഷം നവദമ്പതികളെ ആശംസിക്കാനായി വേദിയിലെത്തി.

കോൺഗ്രസ് എംപി ദീപേന്ദർ സിങ് ഹൂഡയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചടങ്ങിനിടെ പരസ്പരം കൈകൊടുത്ത് പുഞ്ചിരിയോടെ സംസാരിക്കുന്നതും ശ്രദ്ധേയമായി. കേന്ദ്രമന്ത്രിമാരായ ഹർദീപ് സിങ് പുരി, ചിരാഗ് പാസ്വാൻ, ഗജേന്ദ്ര സിങ് ഷെഖാവത്ത്, കോൺഗ്രസ് എംപി രേണുക ചൗധരി, ഡൽഹി മന്ത്രി പർവേഷ് വർമ്മ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കോൺഗ്രസ് എംപി അമരീന്ദർ സിങ് രാജാ വാറിങ്, കേന്ദ്രമന്ത്രി രാംദാസ് അത്താവലെ എന്നിവരും സൽക്കാരത്തിനെത്തി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷ, മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേന്ദ്രമന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിനിടെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾ ഒരേ മേശകളിൽ ഇരുന്ന് സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും കാണാമായിരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ സോണിയ ഗാന്ധി നേരിട്ടെത്തി അഭിവാദ്യം ചെയ്യുകയും ചെയ്തു. രാഷ്ട്രീയ ഭിന്നതകൾക്കിടയിലും രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഒരേ വേദിയിൽ ഒത്തുചേർന്നതോടെ സുപ്രിയ സുലെയുടെ മകളുടെ വിവാഹസൽക്കാരം ശ്രദ്ധേയമായ രാഷ്ട്രീയ സംഗമത്തിനും വേദിയായി.

logo
Metro Vaartha
www.metrovaartha.com