മോദിയെത്തിയത് അമിത് ഷായ്ക്കൊപ്പം; സുപ്രിയ മടങ്ങിയത് അജിത്തിന്‍റെ വീട്ടിലേക്ക്

ഗാന്ധിനഗറിലെ റാണിപ് മേഖലയിലുള്ള ബൂത്തിലായിരുന്നു മോദിക്ക് വോട്ട്
മോദിയെത്തിയത് അമിത് ഷായ്ക്കൊപ്പം; സുപ്രിയ മടങ്ങിയത് അജിത്തിന്‍റെ വീട്ടിലേക്ക്

ന്യൂഡൽഹി: വോട്ട് ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പം. വോട്ട് രേഖപ്പെടുത്തിയശേഷം എൻസിപി (ശരദ് പവാർ) വിഭാഗം സ്ഥാനാർഥി സുപ്രിയ സുലെ പോയത് എതിരാളി സുനേത്ര പവാറിന്‍റെ വീട്ടിലേക്ക്. 10 സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളിലേക്കു നടന്ന മൂന്നാം ഘട്ടം വോട്ടെടുപ്പിൽ നിറഞ്ഞത് പ്രധാനമന്ത്രിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമുൾപ്പെടെ പ്രമുഖരുടെ സാന്നിധ്യം.

ഗാന്ധിനഗറിലെ റാണിപ് മേഖലയിലുള്ള ബൂത്തിലായിരുന്നു മോദിക്ക് വോട്ട്. പ്രധാനമന്ത്രിയുടെ സഹോദരൻ സോമഭായ് മോദിയുടെ വസതിയും ഇവിടെയാണ്.

രാവിലെ ഏഴിനു തന്നെ പോളിങ് ബൂത്തിലെത്തിയ മോദിക്കൊപ്പം ഇവിടത്തെ സ്ഥാനാർഥികൂടിയായ അമിത് ഷായുമുണ്ടായിരുന്നു. ബൂത്തിലേക്ക് 400 മീറ്ററോളം ദൂരം നടന്നെത്തിയ മോദി ഇരുവശത്തും കാത്തുനിന്നവരെ അഭിവാദ്യം ചെയ്തു. പോളിങ് ബൂത്തിൽ തന്നെ കണ്ട് എഴുന്നേറ്റ വിവിധ പാർട്ടികളുടെ പോളിങ് ഏജന്‍റുമാരോട് തോളിൽ തട്ടി കുശലം ചോദിച്ചശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

പോളിങ് ബൂത്തിനു പുറത്ത് നിന്ന മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും കടുത്ത ചൂടിനെ നേരിടാൻ വെള്ളം കുടിക്കണമെന്നും പറഞ്ഞു. കൈയിലെ മഷിയടയാളം ഉയർത്തിക്കാട്ടിയാണ് അദ്ദേഹം മടങ്ങിയത്.

ഗാന്ധിനഗറിലെ വോട്ടറായ അമിത് ഷാ രാവിലെ തന്നെ കുടുംബാംഗങ്ങൾക്കൊപ്പമാണ് വോട്ട് ചെയ്തത്. മഹാരാഷ്‌ട്രയിലെ ബരാമതിയിൽ വോട്ട് രേഖപ്പെടുത്തിയശേഷം കട്ടെവാഡിയിൽ സഹോദരനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്‍റെ വീട്ടിലേക്കാണു പോയത്. അജിത്തിന്‍റെ ഭാര്യ സുനേത്ര പവാറാണ് ഇവിടെ സുപ്രിയയുടെ എതിരാളി. അജിത്തിന്‍റെ അമ്മയും തന്‍റെ "കാകി'(പിതൃസഹോദരന്‍റെ ഭാര്യ)യുമായ അക്ഷതായ് പവാറിനെ കാണാനും അനുഗ്രഹം വാങ്ങാനുമാണ് പോയതെന്ന് സുപ്രിയ പറഞ്ഞു. എന്നാൽ, വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കാനാണ് പോളിങ് ദിനത്തിൽ തന്നെ സുപ്രിയ അജിത്തിന്‍റെ വീട് സന്ദർശിച്ചതെന്ന് എൻസിപി നേതാവ് അമോൽ മിട്കരി പറഞ്ഞു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കലബുര്‍ഗിയിലെ ഗുണ്ടുഗുർത്തിയിലാണ് വോട്ട് ചെയ്തത്. കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാര്‍ഥിയുമായ മൻസുഖ് മാണ്ഡവ്യ പോര്‍ബന്തര്‍ മണ്ഡലത്തിലും താരദമ്പതികളായ ഋതേഷ് ദേശ്‌മുഖും ജെനീലിയയും മഹാരാഷ്‌ട്ര ലാത്തൂരിലെ പോളിങ് ബൂത്തിലും വോട്ട് ചെയ്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ കുടുംബത്തോടൊപ്പമെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com