
സെക്കന്തരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ നാടകീയ സംഭവങ്ങള്‍. സദസിനെ മോദി അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്ത ലൈറ്റ് ടവറിനു മുകളിലേക്കു കയറി അദ്ദേഹത്തെ വിളിച്ചു. ഇതു ശ്രദ്ധയിൽപ്പെട്ട മോദി പെണ്‍കുട്ടിയോട് മൈക്കിലൂടെത്തന്നെ അവരോടു താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു.
പല തവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി ആ പടുകൂറ്റൻ ലൈറ്റ് ടവറിലേക്ക് കയറിക്കൊണ്ടേയിരുന്നു. മോദിയെ കൈ വീശിക്കാട്ടി ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. ഇതോടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. തുടർന്ന് പെണ്‍കുട്ടി താഴെയിറങ്ങി. പൊലീസിനേയും ബിജെപി പ്രവര്‍ത്തകരേയും അടക്കം മുള്‍മുനയില്‍ നിര്‍ത്തിയ ശനിയാഴ്ച രാത്രിയിലെ ഈ സംഭവത്തിന്‍റെ വീഡിയൊ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോൾ.
""ബേട്ടാ, ആപ് നീച്ചേ ആവോ.. ദേഖിയേ ബേട്ടാ ഛോട് പോച്ചേഗീ.. യേ അച്ഛാ നഹി ഹൈ. ഹം ആപ്കേ സാഥ് ഹൈ ബേട്ടാ.. പ്ലീസ്, ആപ് നീച്ചേ ആയിയേ ബേട്ടാ.. മേം ആപ്കീ ബാത് സുനൂംഗാ. വഹാം പർ ഷോർട്ട് സർക്യൂട്ട് ഹൈ. ആപ് നീച്ചേ ആയിയേ.. യേ ഠീക് നഹി ഹൈ. ഐസാ കർനേ സേ ലാഭ് നഹീം ഹോഗാ. മേം യഹാം ആപ്കേലിയേ ആയാ ഹും..'' (മകളേ, താഴെയിറങ്ങൂ.. പരിക്കുപറ്റും.. ഈ ചെയ്യുന്നതു നല്ലതല്ല. ഞങ്ങൾ നിന്‍റെയൊപ്പമുണ്ട്. ദയാവായി താഴെയിറങ്ങുക.. ഞാൻ നിന്‍റെ പ്രശ്നങ്ങൾ കേൾക്കാം. അവിടെ ഷോർട്ട് സർക്യൂട്ട് ഉണ്ടാകും. താഴെ വരൂ.. ഇതു ശരിയല്ല. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നേട്ടമൊന്നുമില്ലല്ലോ. നിങ്ങൾക്കു വേണ്ടിയാണ് ഞാനിവിടെ വന്നത്) - മോദി ആ കുട്ടിയോടു പറഞ്ഞു.
നേരത്തേ, റാലിക്കിടെ വികാരാധീനനായി വിങ്ങിപ്പൊട്ടി തന്‍റെ ചുമലിലേക്കു തല ചായ്ച്ച മാഡിഗ സംവരണ പോരാട്ട സമിതി (എംആർപിഎസ്) തലവൻ മന്ദ കൃഷ്ണ മാഡിഗയെ പ്രധാനമന്ത്രി മോദി സാന്ത്വനിപ്പിക്കുന്നതും ഏറെ ശ്രദ്ധ നേടി. തുകൽപ്പണിയിലും തോട്ടിപ്പണിയിലും ചരിത്ര പശ്ചാത്തലമുള്ള ദളിത് വിഭാഗമായ മാഡിഗ വിഭാഗത്തിന്‍റെ നേതാവാണ് മോദിയുടെ അരികിലിരുന്ന് കരഞ്ഞത്. പ്രധാനമന്ത്രി ഉടൻ അദ്ദേഹത്തെ ആലിംഗനം ചെയ്തു, തലയിൽ തലോടി കൈപിടിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
മാഡിഗ സമുദായത്തിലെ സഹോദരീ സഹോദരന്മാരോട് ഒന്നും ചോദിക്കാനല്ല താനിവിടെ വന്നതെന്നു മോദി പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം നിരവധി രാഷ്‌ട്രീയ പാർട്ടികളും നേതാക്കളും നിങ്ങൾക്കു വാഗ്ദാനങ്ങൾ നൽകുകയും വഞ്ചിക്കുകയും ചെയ്തു. ഒരു രാഷ്‌ട്രീയ നേതാവെന്ന നിലയിൽ, അവർ ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യാനാണ് ഞാനിവിടെ വന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.