ട്രംപ് വിളിച്ചു, മോദി എടുത്തില്ല: ഇന്ത്യ - യുഎസ് ബന്ധം ഉലയുന്നു

യുഎസ് സമ്മർദത്തിനു വഴങ്ങാൻ ഇന്ത്യ തയാറല്ലെന്നും, യുഎസുമായും ചൈനയുമായുമുള്ള ബന്ധം സ്വന്തം നിലപാടനുസരിച്ചു മാത്രം മുന്നോട്ടു കൊണ്ടുപോകാനാണ് ഇന്ത്യ തീരുമാനിച്ചിരിക്കുന്നതെന്നും വിലയിരുത്തൽ
Modi refuses to attend Trump call

ഡോണൾഡ് ട്രംപ്, നരേന്ദ്ര മോദി.

MV Graphics

Updated on

ന്യൂഡൽഹി: സമീപ ദിവസങ്ങളിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നാല് ഫോൺ കോളുകൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അറ്റൻഡ് ചെയ്യാൻ വിസമ്മതിച്ചെന്ന് ജർമനിയിലെയും ജപ്പാനിലെയും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്കു മേൽ യുഎസ് 50% അധിക തീരുവ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു ഇത്.

ഡോണൾഡ് ട്രംപും നരേന്ദ്ര മോദിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദം ചരിത്രം മാത്രമായിക്കഴിഞ്ഞെന്നും, ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം ഉലയുന്നതിന്‍റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നതെന്നുമാണ് നിഗമനം. 21ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായൊരു അന്താരാഷ്ട്ര പങ്കാളിത്തമാണ് ഇതോടെ അപകടത്തിലായിരിക്കുന്നത്.

ട്രംപിന്‍റെ താരിഫ് യുദ്ധത്തോട് നരേന്ദ്ര മോദി ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. മറുപടിയായി യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ തീരുവ വർധിപ്പിച്ചിട്ടുമില്ല. എന്നാൽ, യുഎസ് സമ്മർദത്തിനു വഴങ്ങാൻ ഇന്ത്യ തയാറല്ലെന്നും, യുഎസുമായും ചൈനയുമായുമുള്ള ബന്ധം സ്വന്തം നിലപാടനുസരിച്ചു മാത്രം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നുമാണ് വിലയിരുത്തൽ. ഇത് ട്രംപിനെ കൂടുതൽ അസ്വസ്ഥനാക്കുന്നു എന്നാണ് ജപ്പാൻ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ട്രംപ് മോഡിയെ ഫോണിൽ വിളിച്ചിരുന്നു എന്ന വാർത്ത സ്ഥിരീകരിക്കാനോ നിരാകരിക്കാനോ വാഷിങ്ടൺ തയാറായിട്ടില്ല. അതേസമയം, വിശദമായ ചർച്ചകൾ ഫോണിലൂടെ നടത്തുന്നത് നരേന്ദ്ര മോദിയുടെ രീതിയല്ലെന്നാണ് യുഎസിലെ ഒരു ഇന്ത്യൻ നയതന്ത്രജ്ഞൻ ചൂണ്ടിക്കാട്ടുന്നത്.

ട്രംപുമായി ഫോണിൽ സംസാരിച്ചാൽ യുഎസ് അത് ദുർവ്യാഖ്യാനം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് മോദി കോൾ ഒഴിവാക്കിയതെന്നാണ് മറ്റൊരു വ്യാഖ്യാനം. ഇന്ത്യ - പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതു താനാണെന്ന മട്ടിൽ ട്രംപ് ഇത്തരത്തിൽ മുൻപ് ദുർവ്യാഖ്യാനം നടത്തിയിട്ടുള്ളതുമാണ്.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്നതിന് ട്രംപ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം അവകാശവാദങ്ങളെന്നാണ് കരുതപ്പെടുന്നത്.

ജൂണിൽ ക്യാനഡയിൽ നടത്തിയ ജി20 ഉച്ചകോടിക്കു ശേഷം യുഎസിലേക്കു വരാൻ മോദിയെ ട്രംപ് ക്ഷണിച്ചിരുന്നു. ഇതേ സമയം തന്നെ സകല പ്രോട്ടോകോളുകളും ലംഘിച്ച്, പാക് സൈനിക മേധാവി അസിം മുനീറിനെയും ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചിരുന്നു. മോദിയും മുനീറുമായുള്ള കൂടിക്കാഴ്ചയ്ക്കു താൻ അവസരമൊരുക്കിയെന്ന് അവകാശപ്പെടാനുള്ള ട്രംപിന്‍റെ ശ്രമം തിരിച്ചറിഞ്ഞ മോദി ക്ഷണം നിരസിക്കുകയായിരുന്നു. ഇതും ട്രംപിനു വലിയ തിരിച്ചടിയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com