മോദി @3; സത്യപ്രതിജ്ഞ ഞായറാഴ്ച

അഡ്വാനിയെയും ജോഷിയെയും സന്ദർശിച്ച് മോദി
modi to take oath as pm on june 9
മോദി @3; സത്യപ്രതിജ്ഞ ഞായറാഴ്ച
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാരിന്‍റെ സത്യപ്രതിജ്ഞ ഞായറാഴ്ച. എൻഡിഎ നേതാവായി തെരഞ്ഞെടുക്കപ്പെട്ട മോദിയെ രാഷ്‌ട്രപതി ദ്രൗപദി മുർമു പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണു സത്യപ്രതിജ്ഞ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമായത്.

ഞായറാഴ്ച വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവനിലാണു ചടങ്ങ്. രാജ്യ ചരിത്രത്തിൽ ജവഹർലാൽ നെഹ്റുവിനു ശേഷം തുടർച്ചയായി മൂന്നാമൂഴം ലഭിക്കുന്ന ആദ്യ പ്രധാനമന്ത്രിയെന്ന റെക്കോഡ് ഇതോടെ മോദിക്കു സ്വന്തമായി.

വെള്ളിയാഴ്ച രാവിലെ പഴയ പാർലമെന്‍റ് മന്ദിരത്തിലെ സെൻട്രൽ ഹാളിൽ ചേർന്ന എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തു. മുതിർന്ന ബിജെപി നേതാവ് രാജ്നാഥ് സിങ്ങാണ് മോദിയുടെ പേര് നിർദേശിച്ചത്. ബിജെപി നേതാക്കളായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങിയവരും എൻഡിഎ ഘടകകക്ഷി നേതാക്കളും മോദിയെ പിന്തുണച്ചു. മോദിയെ തെരഞ്ഞെടുത്തതായുള്ള പ്രമേയം യോഗം പാസാക്കി.

ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ രാഷ്‌ട്രപതിയെ കണ്ട് പ്രമേയം കൈമാറി. ഇതിനുശേഷം എംപിമാരുടെ പിന്തുണക്കത്തുമായി രാഷ്‌ട്രപതിയെ സന്ദർശിച്ച മോദി സർക്കാർ രൂപവത്കരിക്കാനുള്ള അവകാശമുന്നയിച്ചു. ഇതംഗീകരിച്ച രാഷ്‌ട്രപതി മോദിക്ക് നിയമനപത്രം കൈമാറി.

ഞായറാഴ്ച സത്യപ്രതിജ്ഞയിൽ പ്രധാന നേതാക്കളും ഘടകക്ഷികളുടെ ഓരോ പ്രതിനിധികളുമാകും സ്ഥാനമേൽക്കുകയെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപിയും ഞായറാഴ്ച കേന്ദ്രമന്ത്രിയാകുമെന്നു റിപ്പോർട്ടുണ്ട്. വിശദ ചർച്ചകൾക്കു ശേഷമാകും മന്ത്രിസഭാ വിപുലീകരണം. 543 അംഗ സഭയിൽ 293 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്. ചെറുകക്ഷികളും സ്വതന്ത്രരുമടക്കം 10 പേർ കൂടി തങ്ങൾക്കൊപ്പമുണ്ടെന്നു ബിജെപി നേതാവ് ഗിരിരാജ് സിങ് പറഞ്ഞിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com