
മഹാരാഷ്ട്ര : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് ശിവസേന(യുബിടി) പ്രസിഡന്‍റ് ഉദ്ധവ് താക്കറെ. യഥാർഥ ശിവസേനയായി ഏക്നാഥ് ഷിൻഡെ ഘടകത്തിനെ അംഗീകരിച്ച് ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ട നടപടിയെക്കുറിച്ചു പരാമർശിക്കുമ്പോൾ മിസ്റ്റർ ഇന്ത്യ എന്ന സിനിമയിലെ സുപ്രസിദ്ധമായ സംഭാഷണം മൊഗാമ്പോ ഖുഷ് ഹുവാ എന്ന് ഉദ്ധവ് പരിഹാസിക്കുകയായിരുന്നു. മിസ്റ്റർ ഇന്ത്യയിൽ ഓംപുരി അവതരിപ്പിച്ച കഥാപാത്രമാണ് മൊഗാമ്പോ.
'കഴിഞ്ഞദിവസം ഒരാൾ പൂനെയിൽ വന്നിട്ടുണ്ടായിരുന്നു. മഹാരാഷ്ട്രയിൽ കാര്യങ്ങൾ എങ്ങനെ പോകുന്നുവെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, ശിവസേനയുടെ പേരും ചിഹ്നവും അടിമകൾക്കു ലഭിച്ചതു കൊണ്ട് എല്ലാം നല്ലരീതിയിൽ പോകുന്നു എന്നായിരുന്നു ആരോ നൽകിയ മറുപടി. അതു കേട്ടപ്പോൾ മൊഗാമ്പോയ്ക്ക് സന്തോഷമായി,' അമിത് ഷായുടെ പേരു സൂചിപ്പിക്കാതെ ഉദ്ധവ് പറഞ്ഞു.
ശിവസേനയ്ക്കു സംഭവിച്ചതു നാളെ ഏതു പാർട്ടിക്കും സംഭവിക്കാമെന്നും, എപ്പോഴും കണ്ണു തുറന്ന് ജാഗരൂകരായി ഇരിക്കണമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സംഭവിച്ചതു തെറ്റാണെന്നു പൊതുജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്ധേരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.