മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മോഹൻ യാദവ് മുതിർന്ന നേതാക്കൾക്കൊപ്പം.
മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട മോഹൻ യാദവ് മുതിർന്ന നേതാക്കൾക്കൊപ്പം.

മധ്യപ്രദേശിലെ ആർഎസ്എസിന്‍റെ വൈൽഡ് കാർഡ് എൻട്രി

മുതിർന്ന നേതാക്കളുടെ സമ്മർദ തന്ത്രം മറികടക്കാനും യാദവ സമുദായ പ്രീണനം സാധ്യമാക്കാനും ഒറ്റ തീരുമാനം കൊണ്ട് ബിജെപി ദേശീയ നേതൃത്വത്തിനു സാധിച്ചു
Published on

എ.ജി. വല്ലഭൻ

തിങ്കളാഴ്ച വൈകിട്ട് മധ്യപ്രദേശിൽ ബിജെപി നിയമസഭാകക്ഷി യോഗം ചേർന്നപ്പോൾ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡോക്റ്റർ മോഹൻ യാദവിന്‍റെ പേര് നിർദേശിച്ചത് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ തന്നെയായിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിനു തലവേദനയാകാമായിരുന്ന കൈലാഷ് വിജയവർഗിയ, നരേദ്രസിങ് തോമർ, പ്രഹ്ലാദ് പട്ടേൽ, ജ്യോതിരാദിത്യ സിന്ധ്യ, വി.ഡി. ശർമ എന്നീ മുതുർന്ന നേതാക്കളുടെ സമ്മർദത്തെയാണ് ഈ ഒരൊറ്റ തുറുപ്പുചീട്ടിലൂടെ ബിജെപി മറികടന്നത്. പാർട്ടി നേതാക്കളെയും അണികളെയും മാത്രമല്ല, രാഷ്‌ട്രീയ എതിരാളികളെപ്പോലും അമ്പരപ്പിച്ച തീരുമാനമായിരുന്നു അത്.

ബിജെപിയുടെ വിദ്യാർഥി സംഘടനായ എബിവിപിയിലൂടെ രംഗപ്രവേശം ചെയ്ത് ബിജെപിയിൽ നിറഞ്ഞാടിയ വ്യക്തിത്വമാണ് മോഹൻ യാദവിന്‍റേത്. അതുകൊണ്ടുതന്നെ സംസ്ഥാന ഭരണകൂടത്തിലേക്കുള്ള ആർഎസ്എസിന്‍റെ 'വൈൽഡ് കാർഡ് എൻട്രി' ആയി വിശേഷിപ്പിക്കാം യാദവിന്‍റെ സ്ഥാനാരോഹണത്തെ.

ഒരു വെടിക്ക് രണ്ടു പക്ഷി

ഡോക്റ്റർ മോഹൻ യാദവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതോടെ സമൂഹ മാധ്യമങ്ങളിലും രാഷ്‌ട്രീയ ചർച്ചകളിലും യാദവ സമുദായത്തെ കേന്ദ്രീകരിച്ച് ചർച്ചകളും തുടങ്ങിക്കഴിഞ്ഞു. 2024ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടു തന്നെയാകണം ബിജെപിയുടെ അപ്രതീക്ഷിത നീക്കം എന്നു തന്നെയാണ് മിക്കവരും വിശ്വസിക്കുന്നത്.

ഉത്തർ പ്രദേശ്, ബിഹാർ തെരഞ്ഞെടുപ്പുകളും നടക്കാനിരിക്കെ ഈ ഒബിസി പ്രീണനം 'ഒരു വെടിക്ക് രണ്ടു പക്ഷി' എന്ന മട്ടിൽ പാർട്ടിക്കു ഗുണം ചെയ്യാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. മുതിർന്ന നേതാക്കളുടെ സമ്മർദ തന്ത്രം മറികടക്കാനും യാദവ സമുദായ പ്രീണനം സാധ്യമാക്കാനും ഒറ്റ തീരുമാനം കൊണ്ട് ബിജെപി ദേശീയ നേതൃത്വത്തിനു സാധിച്ചു.

ജാതി സെൻസസിനു മറുപടി

രാഹുൽ ഗാന്ധിയുടെ പല വേദികളിലായുള്ള തെരെഞ്ഞെടുപ്പ് വാഗ്ദാനമായ ജാതി സെൻസസ് എന്ന ആശയത്തിനുമുള്ള മറുപടി എന്ന നിലയിൽ കൂടിയാണ് പിന്നാക്ക വിഭാഗത്തിൽനിന്നു തന്നെഉള്ള യാദവ സമൂഹത്തിന്‍റെ പ്രതിനിധിയെ മുഖ്യമന്ത്രി പട്ടം അണിയിച്ചത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് രാഹുൽ ഗാന്ധി വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വേദികളിൽ പ്രഖ്യാപിച്ചിരുന്നതാണ്. ഛത്തിസ്‌ഗഡിലും ഗോത്രവർഗ പ്രതിനിധിയായ വിഷ്ണു ദേവ് സായിയെയാണ് ബിജെപി മുഖ്യമന്ത്രിയായി നിയോഗിച്ചിരിക്കുന്നത്.

ബിഹാറിൽ ഈയിടെ നടത്തിയ ജാതി സെൻസസിൽ, സംസ്ഥാന ജനസംഖ്യയിലെ 14 ശതമാനം യാദവരാണെന്നു കണ്ടെത്തിയിരുന്നു. ലാലു പ്രദാദ് യാദവിന്‍റെയും നിതീഷ് കുമാറിന്‍റെയും ജാതി രാഷ്‌ട്രീയ തന്ത്രങ്ങൾക്കു തടയിടാൻ കൂടിയാണ് ബിജെപി ഇപ്പോൾ പിന്നാക്ക കാർഡ് ഇറക്കിയിരിക്കുന്നതെന്നു വേണം കരുതാൻ. ഉത്തർപ്രദേശിലും ജനസംഖ്യയിൽ 12 ശതമാനം യാദവരാണുള്ളത്. ഈ സാഹചര്യത്തിൽ, ഹിന്ദി സംസാരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ലോക് സഭാ സീറ്റുകൾ തൂത്തു വാരാൻ യാദവ പ്രീണനത്തിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.

അഖിലേഷ് യാദവിനു വെല്ലുവിളി

മധ്യപ്രദേശിലെ 29 ലോക്‌സഭാ സീറ്റുകളിൽ 28 എണ്ണവും നിലവിൽ ബിജെപിയുടെ കൈയിലാണ്. ശേഷിച്ച ഒരു സീറ്റ് കോൺഗ്രസിലെ മുതിർന്ന നേതാവായ കമൽനാഥിന്‍റെ മകൻ നകുൽനാഥ് വിജയിച്ച ഛിന്ദ്‌വാരയും. ഉത്തർപ്രദേശിലെ രാഷ്‌ട്രീയ സമവാക്യങ്ങൾക്കു മാറ്റം കുറിക്കുവാനും അതിലൂടെ അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാർട്ടിയുടെ സ്വാധീനത്തെ വെല്ലുവിളിക്കാനും കൂടിയാണ് മോഹൻ യാദവിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്‍റി, അയോധ്യ ക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ കോഡ് എന്നിവയെല്ലാം അടുത്ത ലോക്‌സഭാ ഇലക്ഷനിലെ തുറുപ്പു ചീട്ടാക്കാൻ കാത്തിരിക്കുന്ന ബിജെപിക്ക്, ഡോക്റ്റർ മോഹൻ യാദവിന്‍റെ മുഖ്യമന്ത്രി സ്ഥാനത്തെ വീണുകിട്ടിയ ബോണസ് എന്നു കൂടി കരുതാം.

logo
Metro Vaartha
www.metrovaartha.com