ട്രെയ്‌നുകളുടെ മൺസൂൺ സമയമാറ്റം ഇങ്ങനെ

ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമം നിലവിലുണ്ടാവുക
Monsoon train timing
ട്രെയ്‌നുകളുടെ മൺസൂൺ സമയമാറ്റം ഇങ്ങനെ

തിരുവനന്തപുരം: കൊങ്കൺ വഴി സർവീസ് നടത്തുന്ന ട്രെയ്നുകളുടെ മൺസൂൺ സമയമാറ്റം ഇന്ന് മുതല്‍. ഒക്ടോബർ 31 വരെയാണ് മൺസൂൺ സമയക്രമം നിലവിലുണ്ടാവുക. മൺസൂൺ സീസണിൽ ട്രെയിനുകളുടെ സുരക്ഷിതവും സുഗമവുമായ സർവീസ് ഉറപ്പാക്കുന്നതിനുവേണ്ടിയാണ് മാറ്റം. നാലര മണിക്കൂര്‍ വരെയാണ് വിവിധ ട്രെയ്നുകള്‍ക്ക് നിലവിലുള്ളതില്‍ നിന്ന് സമയമാറ്റം ഉണ്ടാവുക. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പുതിയ സമയക്രമം അനുസരിച്ച് റെയിൽവേ സ്റ്റേഷനുകളിലെത്തണമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 5.15ന് പുറപ്പെടുന്ന എറണാകുളം ജങ്ഷന്‍-പൂനെ ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് (22149), എറണാകുളം ജങ്ഷന്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(22655) എന്നീ ട്രെയ്നുകള്‍ ഇന്ന് മുതൽ പുലര്‍ച്ചെ 2.15നാകും സര്‍വീസ് ആരംഭിക്കുക.

കൊച്ചുവേളി-യോഗ് നഗരി ഋഷികേശ് സൂപ്പര്‍ഫാസ്റ്റ്(22659), കൊച്ചുവേളി-ചണ്ഡിഗഡ് കേരള സമ്പര്‍ക്ക് ക്രാന്തി(12217), കൊച്ചുവേളി-അമൃത്സര്‍ സൂപ്പര്‍ഫാസ്റ്റ്(12483) എന്നിവ രാവിലെ 9.10ന് പകരം പുലര്‍ച്ചെ 4.50ന് പുറപ്പെടും. രാവിലെ എട്ട് മണിക്കുള്ള തിരുനെല്‍വേലി ജങ്ഷന്‍-ജംനഗര്‍ എക്സ്പ്രസ്(19577), തിരുനെല്‍വേലി-ഗാന്ധിധാം ഹംസഫര്‍ എക്സ്പ്രസ്(20923) എന്നീ ട്രയ്നുകള്‍ 5.15ന് പുറപ്പെടും. കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ് രഥ്(12202) 9.10ന് പകരം 7.45ന് പുറപ്പെടും. രാവിലെ 11.15നുള്ള കൊച്ചുവേളി-ഇന്‍ഡോര്‍(20931), കൊച്ചുവേളി-പോര്‍ബന്ദര്‍(20909) എന്നിവ 9.10നും ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്(12617) രാവിലെ 10.30നും പുറപ്പെടും. രാവിലെ 10.40നുള്ള എറണാകുളം-മഡ്ഗോവ സൂപ്പര്‍ഫാസ്റ്റ്(10216) ഉച്ചയ്ക്ക് 1.25നാകും സര്‍വീസ് ആരംഭിക്കുക.

തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീന്‍ രാജധാനി എക്സ്പ്രസ്(12431) വൈകിട്ട് 7.15ന് പകരം ഉച്ചയ്ക്ക് 2.40ന് സര്‍വീസ് ആരംഭിക്കും. രാത്രി 8.25നുള്ള എറണാകുളം-അജ്മീര്‍ മരുസാഗര്‍(12977) വൈകിട്ട് 6.50നും, വൈകിട്ട് 7.30ന് ആരംഭിക്കുന്ന മഡ്ഗോവ-എറണാകുളം എക്സ്പ്രസി(10215)ന്‍റെ സര്‍വീസ് രാത്രി ഒമ്പത് മണിക്കുമാകും ആരംഭിക്കുക. പുലര്‍ച്ചെ 12.50ന് പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ്(22653) തലേദിവസം രാത്രി 10 മണിക്ക് സര്‍വീസ് ആരംഭിക്കും.

Trending

No stories found.

Latest News

No stories found.