
ഇനി മിനിറ്റിൽ ഒന്നര ലക്ഷത്തിലധികം ട്രെയിൻ ടിക്കറ്റുകൾ
File image
പ്രത്യേക ലേഖകൻ
ടിക്കറ്റ് റിസർവ് ചെയ്യുന്ന ഘട്ടത്തിൽ ആരംഭിക്കുന്നതാണ് റെയ്‌ൽവേയിലെ ഒരു വ്യക്തിയുടെ യാത്ര. അതിനാൽ ട്രെയ്‌ൻ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാൻ റെയ്‌ൽവേ നിരവധി നൂതന നടപടികൾ സ്വീകരിച്ചു. യാത്രക്കാരുടെ സൗകര്യത്തിനും സ്മാർട്ട് ടിക്കറ്റിങ്ങിനും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് റിസർവേഷൻ സംവിധാനം റെയ്‌ൽവേ ബഹുഭാഷയിൽ ലഭ്യമാക്കും. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിച്ചു. ഇതോടെ ഈ സംവിധാനത്തിൽ മിനിറ്റിൽ 4 ലക്ഷം എന്നതിൽ നിന്ന് 40 ലക്ഷത്തിലധികം അന്വേഷണങ്ങൾ നടത്താനാവും.
റെയ്‌ൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ വിപ്ലവകരമായ ഈ പരിഷ്കാരങ്ങളുടെ പുരോഗതി അവലോകനം ചെയ്തു. പൂർണമായും യാത്രക്കാരെ കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളിലൂടെ മികച്ച യാത്രാനുഭവം പ്രദാനം ചെയാൻ ഇന്ത്യൻ റെയ്‌ൽവേ പ്രതിജ്ഞാബദ്ധമാണ്. ടിക്കറ്റ് സംവിധാനം സുതാര്യത, കാര്യക്ഷമത, പ്രവേശനക്ഷമത എന്നിവ ഉറപ്പാക്കുന്നതും സമർഥവുമായിരിക്കണം. യാത്രക്കാരുടെ സൗകര്യത്തിനായി ആസൂത്രണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. യാത്രക്കാർക്ക് സുഗമവും സുഖകരവുമായ യാത്രാ അനുഭവം ഈ സംവിധാനം ഉറപ്പാക്കണം- അദ്ദേഹം നിർദേശിച്ചു.
സേവന സംവിധാനങ്ങൾ നവീകരിക്കാനും കൂടുതൽ പൗര സൗഹൃദപരമാക്കാനുമുള്ള ഇന്ത്യൻ റെയ്‌ൽവേയുടെ നിരന്തരമായ ശ്രമങ്ങളെ ഈ നടപടികൾ പ്രതിഫലിപ്പിക്കുന്നു.
നൂതന ചാർട്ടിങ് രീതി:
നിലവിൽ ട്രെയ്‌ൻ പുറപ്പെടുന്നതിനു നാലു മണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ഇത് യാത്രക്കാരുടെ മനസിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. അടുത്തുള്ള പ്രദേശത്തു നിന്ന് ട്രെയ്‌ൻ കയറാൻ വരുന്ന യാത്രക്കാർക്ക് ഈ അനിശ്ചിതത്വം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.
ഈ അനിശ്ചിതത്വം പരിഹരിക്കാൻ പുറപ്പെടുന്നതിന് എട്ടു മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയാറാക്കാൻ റെയ്‌ൽവേ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഈ നിർദേശത്തിന് അംഗീകാരം നൽകിയ റെയ്‌ൽവേ മന്ത്രി തടസങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഘട്ടം ഘട്ടമായി ഇത് നടപ്പിലാക്കാൻ ബോർഡിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഈ നടപടി വെയിറ്റ് ലിസ്റ്റിലുള്ള യാത്രക്കാരുടെ അനിശ്ചിതത്വം കുറയ്ക്കും. യാത്രക്കാർക്ക് വെയിറ്റ് ലിസ്റ്റിന്‍റെ തൽസ്ഥിതിയെ കുറിച്ചുള്ള ആദ്യ വിവരങ്ങൾ വളരെ മുൻകൂട്ടി ലഭിക്കും. ദീർഘദൂര ട്രെയ്‌നുകളിൽ സഞ്ചരിക്കുന്നതിന് വിദൂര സ്ഥലങ്ങളിൽ നിന്നോ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളിൽ നിന്നോ സ്റ്റേഷനുകളിൽ എത്തേണ്ട യാത്രക്കാർക്ക് ഇത് പ്രയോജനം ചെയും. വെയിറ്റ് ലിസ്റ്റ് പ്രകാരം ടിക്കറ്റ് സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ ബദൽ ക്രമീകരണങ്ങൾ നടത്താൻ ഇത് അവർക്ക് കൂടുതൽ സമയം നൽകും.
ഡിസംബറോടെ ആധുനിക, റിസർവേഷൻ സംവിധാനം
യാത്രാ റിസർവേഷൻ സംവിധാനത്തിന്‍റെ നവീകരണവും റെയ്‌ൽ മന്ത്രി അവലോകനം ചെയ്തു. ഏതാനും മാസങ്ങളായി സെന്‍റർ ഫോർ റെയ്‌ൽവേ ഇൻഫർമേഷൻ സിസ്റ്റം (സിആർഐഎസ്) ഈ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
നവീകരിച്ച പുതിയ യാത്രാ റിസർവേഷൻ മാതൃക നിലവിലുള്ളതിന്‍റെ പത്തിരട്ടി സേവനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ചടുലവും വിപുലീകൃതവുമായ സംവിധാനമാണ്. ഇത് ടിക്കറ്റ് ബുക്കിങ് ശേഷിയെ ഗണ്യമായി വർധിപ്പിക്കും. പുതിയ പിആർഎസ് മിനിറ്റിൽ ഒന്നര ലക്ഷത്തിലധികം ടിക്കറ്റ് ബുക്കിങ്ങുകൾ അനുവദിക്കും. അതായത് നിലവിലെ പിആർഎസിലെ മിനിറ്റിൽ 32,000 ടിക്കറ്റുകൾ എന്നതിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർധനയാണ് പുതിയ സംവിധാനത്തിൽ ലഭ്യമാവുക.
ടിക്കറ്റ് അന്വേഷണ ശേഷി പത്തു മടങ്ങ് വർധിക്കും- അതായത്, ഒരു മിനിറ്റിൽ നാലു ലക്ഷം അന്വേഷണത്തിൽ നിന്ന് 40 ലക്ഷത്തിലധികമാകും.
പുതിയ യാത്രാ റിസർവേഷൻ സംവിധാനത്തിൽ ബഹുഭാഷാപരവും ഉപയോക്തൃ- സൗഹൃദവുമായ ബുക്കിങ്, അന്വേഷണ പ്ലാറ്റ്ഫോം എന്നിവയുണ്ട്.
പുതിയ സംവിധാനത്തിൽ ഉപയോക്താക്കൾക്ക് അവർക്ക് താത്പര്യമുള്ള സീറ്റ് തെരഞ്ഞെടുക്കാനും ടിക്കറ്റ് നിരക്ക് കലണ്ടർ കാണാനും കഴിയും. ദിവ്യാംഗർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കായി സംയോജിത സൗകര്യങ്ങളും ഇതിൽ ഉണ്ടായിരിക്കും.
തത്കാൽ ബുക്കിങ് സ്ഥിരീകരണം
ഇന്നു മുതൽ ഐആർസിടിസി വെബ്‌സൈറ്റിലും മൊബൈൽ ആപ്പിലും ആധാർ അധിഷ്ഠിതമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾക്കു മാത്രമേ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയാൻ ഇന്ത്യൻ റെയ്‌ൽവേ അനുമതി നൽകുകയുള്ളൂ. കൂടാതെ, ജൂലൈ അവസാനം മുതൽ തത്കാൽ ബുക്കിങ്ങുകൾക്ക് ഒടിപി അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണവും നടത്തും.
തത്കാൽ ബുക്കിങ്ങുകൾക്കുള്ള പ്രാമാണീകരണ സംവിധാനം വിശാലമാക്കാൻ റെയ്‌ൽവേ മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ആധാർ അല്ലെങ്കിൽ ഉപയോക്താവിന്‍റെ ഡിജി ലോക്കർ അക്കൗണ്ടിൽ ലഭ്യമായ മറ്റേതെങ്കിലും ഗവൺമെന്‍റ് അംഗീകൃത തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രാമാണീകരണം നടത്തേണ്ടത്.