77 വർഷത്തെ കാത്തിരിപ്പ്; കന്നിവോട്ടിന്‍റെ തിളക്കത്തിൽ കശ്മീരിലെ അഭയാർഥികൾ

ചൊവ്വാഴ്ച ജമ്മു കശ്മീരിൽ വോട്ട് ചെയ്തത് രണ്ടു ലക്ഷത്തിലേറെ പാക് അഭയാർഥികൾ
More than 2 lakh Pakistani refugees vote in J&K election
77 വർഷത്തെ കാത്തിരിപ്പ്; കന്നിവോട്ടിന്‍റെ തിളക്കത്തിൽ കശ്മീരിലെ അഭയാർഥികൾ
Updated on

ആർഎസ് പുര: ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടിയപ്പോൾ രുൾദു റാമിന്‍റെ കണ്ണിൽ സന്തോഷത്തിന്‍റെ നനവു പൊടിഞ്ഞു. അദ്ദേഹത്തിന് ഇതൊരു സ്വപ്ന സാഫല്യമാണ്. വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കു കുടിയേറുമ്പോൾ റാമിന് 13 വയസ്. ഇന്ന് 90. ഏഴു പതിറ്റാണ്ടിനിടെ പല നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്നെങ്കിലും അവയെല്ലാം റാം ഉൾപ്പെടെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നു കുടിയേറിയവർക്ക് അന്യമായിരുന്നു. അഭയാർഥികളെന്ന പേരിൽ മാറ്റിനിർത്തിയ അവരുടെ പിൻതലമുറകൾക്കും വോട്ടുണ്ടായിരുന്നില്ല.

ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദവും 35 എ വകുപ്പും അഞ്ചു വർഷം മുൻപ് റദ്ദാക്കിയതാണ് റുൾദു റാം ഉൾപ്പെടെ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്നുള്ള അഭയാർഥികൾക്കും വാല്മീകി, ഗൂർഖ സമുദായങ്ങളിൽ നിന്നുള്ളവർക്കും തുണയായത്. വോട്ടർ ഐഡി കാർഡുൾപ്പെടെ അവകാശങ്ങൾ ലഭ്യമായി.

""ഇതെന്‍റെ ആദ്യ വോട്ടാണ്. മുൻപ് എനിക്കു വോട്ട് അവകാശമുണ്ടായിരുന്നില്ല. ഞങ്ങൾ 1947ൽ പാക്കിസ്ഥാനിൽ നിന്ന് ഇവിടേക്കു വന്നവരാണ്''- രുൾദു റാം പറഞ്ഞു. ജമ്മു, സാംബ, കഠുവ തുടങ്ങിയ ജില്ലകളിലായി രണ്ടു ലക്ഷത്തോളം പേർക്കാണ് ഇത്തവണ ആദ്യമായി വോട്ട് ചെയ്യാനായത്. ഇവരിൽ ബഹുഭൂരിപക്ഷവും കശ്മീരിൽ ജനിച്ചുവളർന്നവർ.

നിയമങ്ങൾ മാറിയതോടെ ഇവർക്ക് വോട്ടവകാശം മാത്രമല്ല, വിദ്യാഭ്യാസ അവകാശങ്ങളും ഭൂമിയുടെ ഉടമസ്ഥതയും തൊഴിലും ലഭിച്ചു. 1947ലെ കുടിയേറ്റത്തെത്തുടർന്ന് പുനരധിവസിപ്പിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം അഭയാർഥികൾക്കു നൽകാൻ കഴിഞ്ഞ ജൂലൈയിലാണു ജമ്മു കശ്മീർ ഭരണകൂടം തീരുമാനിച്ചത്. തങ്ങൾക്ക് ഇതു ദേശീയോത്സവമാണെന്നാണ് പടിഞ്ഞാറൻ പാക്കിസ്ഥാൻ അഭയാർഥി ആക്ഷൻ കമ്മിറ്റി പ്രസിഡന്‍റ് ലാഭ റാം ഗാന്ധിയുടെ പ്രതികരണം. ഞങ്ങൾ മൂന്നു വിഭാഗങ്ങൾക്ക് ഇതു ചുവന്ന അക്ഷരങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ദിനമാണ്. ജമ്മു കശ്മീരിന്‍റെ ജനാധിപത്യ പ്രക്രിയയിൽ ഞങ്ങൾക്കും അവസരം ലഭിച്ചു. ഇത്രയും കാലം ഞങ്ങളെ ആർക്കും വേണ്ടാത്തവരായാണു കണ്ടിരുന്നത്- അറുപത്തിമൂന്നുകാരനായ ഗാന്ധി പറഞ്ഞു.

തങ്ങളെ വിലയുള്ളവരാക്കിയത് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണെന്നും അദ്ദേഹം. ജമ്മുവിലെ വിവിധയിടങ്ങളിലായി പടിഞ്ഞാറൻ പാക്കിസ്ഥാനിൽ നിന്ന് 1947ൽ 5674 കുടുംബങ്ങൾ കുടിയേറിയെന്നാണു കണക്ക്. ഇവർ ഇപ്പോൾ 22000 കുടുംബങ്ങളായി വർധിച്ചു. ആകെ രണ്ടു ലക്ഷത്തോളം പേരുണ്ട്. നൃത്തം ചവിട്ടിയും ബാൻഡ് മേളത്തോടെയുമാണ് ഇവർ കന്നിവോട്ടിന് എത്തിയത്. പതിറ്റാണ്ടുകൾ നീണ്ട ശാപത്തിൽ നിന്നു തങ്ങൾ മോചിതരായെന്നാണ് അമ്പത്തിരണ്ടുകാരൻ പ്രവീൺ കുമാർ പ്രതികരിച്ചത്. എന്‍റെ അച്ഛൻ മെട്രിക്കുലേഷൻ പൂർത്തിയാക്കിയകാലത്താണ് ഇവിടെ വന്നത്. 1947ൽ ഇവിടെ തഹസീൽദാരാകാൻ ആ യോഗ്യത മതിയായിരുന്നു. പക്ഷേ, അച്ഛനു ജോലി കിട്ടിയില്ല. ആരാണ് ഇതിന് ഉത്തരവാദി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണു തങ്ങൾ നന്ദി പറയുന്നതെന്നും പ്രവീൺ കുമാർ.

75 വർഷം ചന്ദ്രക്കലയും നക്ഷത്രവുമുള്ള പതാകയ്ക്കു കീഴിലായിരുന്നു ജമ്മു കശ്മീരെന്ന് ജമ്മുവിലെ ഗാന്ധിനഗർ പോളിങ് സ്റ്റേഷനിൽ മകൻ അങ്കിതിനൊപ്പം വോട്ട് ചെയ്യാനെത്തിയ മോഹിന്ദ് കുമാർ പറഞ്ഞു. ഞങ്ങളുടെ തലയ്ക്കു മുകളിൽ നിന്ന് കേന്ദ്ര സർക്കാർ ആ കളങ്കം മാറ്റി. ഇന്നു ഞങ്ങളുടെ ദേശീയോത്സവമാണ്- പടിഞ്ഞാറൻ പാക്കിസ്ഥാൻ അഭയാർഥി കുടുംബാംഗമായ മോഹിന്ദു കുമാർ കൂട്ടിച്ചേർത്തു.

കലാപത്തെത്തുടർന്നു വിഭജനകാലത്ത് ജമ്മുവിവേക്കു കുടിയേറിയ മഗർ സിങ്ങിനും ഇതാദ്യ വോട്ടാണ്. 80കാരനായ താനും യുവാക്കൾക്കൊപ്പം കന്നി വോട്ട് ചെയ്യുകയാണെന്നു സിഖ് വിശ്വാസിയായ മഗർ സിങ്. ഗൂർഖ വിഭാഗത്തിൽപ്പെടുന്ന 22കാരി തൃഷികയും സന്തോഷം മറച്ചുവയ്ക്കുന്നില്ല. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 2000ലേറെ പേർക്കാണ് പുതിയ ജമ്മു കശ്മീരിൽ വോട്ട് ലഭിച്ചതെന്ന് മുത്തശ്ശി സർവേശ്വരി ദേവിക്കൊപ്പമെത്തിയ തൃഷിക പറഞ്ഞു. നേപ്പാളിൽ നിന്നു കുടിയേറിയതാണ് ഇവരുടെ പൂർവികർ.

Trending

No stories found.

Latest News

No stories found.