

പറക്കുന്നതിനിടെ വിമാനച്ചിറകിന് രൂപമാറ്റം വരുത്താം; പുതിയ സാങ്കേതിക വിദ്യയുമായി ഇന്ത്യ
ന്യൂഡൽഹി: പറക്കുന്നതിനിടെ വിമാനച്ചിറകിനു രൂപമാറ്റം വരുത്താനാകുന്ന മോർഫിങ് വിങ് സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഡിഫൻസ് റിസർച്ച് ഡെവലപ്മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ) കൗൺസിൽ ഒഫ് സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്‍റെ നാഷണൽ എയ്റോ സ്പെയ്സ് ലബോറട്ടറീസും (സിഎസ്ഐആർ-എൻഎഎൽ) ചേർന്നാണു സാങ്കേതിക വിദ്യയുടെ പ്രോട്ടൊടൈപ്പ് പരീക്ഷിച്ചത്. യുദ്ധവിമാനങ്ങളിൽ ഏറെ നിർണായകമാകും ഈ നേട്ടം. ഇതോടെ, ലോകത്ത് ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന ചുരുക്കം രാജ്യങ്ങൾക്കൊപ്പമായി ഇന്ത്യയുടെ സ്ഥാനം.
ലംബമായി മാത്രം നിൽക്കുന്ന വിമാനച്ചിറക് എപ്പോഴുമൊരു പ്രശ്നമാണെന്നും പറക്കലിന്‍റെ വ്യത്യസ്ത ഘട്ടങ്ങളിൽ അതിനെ പുനഃക്രമീകരിക്കാൻ കഴിയുന്നത് അന്തരീക്ഷ ഘർഷണബലത്തെ മറികടക്കുന്നതിൽ കൂടുതൽ കാര്യക്ഷമത നൽകുമെന്നും മുതിർന്ന ഡിആർഡിഒ ഉദ്യോഗസ്ഥൻ പറഞ്ഞു. പടിഞ്ഞാറൻ രാജ്യങ്ങളിൽ ചിലതിന്‍റെ സാങ്കേതിക വിദ്യ ഇതുവരെ സൈദ്ധാന്തികമായി മാത്രം തുടരുമ്പോൾ ഇന്ത്യ നിയന്ത്രിക്കാൻ കഴിയുന്ന ഊർജക്ഷമതയുള്ള സംവിധാനമാണു വികസിപ്പിച്ചത്. നമ്മുടെ വിമാനങ്ങൾക്ക് ജീവനുള്ളവയെപ്പോലെ ചിറക് സാഹചര്യങ്ങൾക്കനുസരിച്ച് ചലിപ്പിക്കാൻ കഴിയുന്ന സംവിധാനമാണിതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ.
മോർഫിങ് വിങ് സാങ്കേതിക വിദ്യയ്ക്കു വേണ്ടി വെറും 5.6 ശതമാനം മാത്രമാണ് അധിക ഇന്ധനം വേണ്ടത്. അതിനാൽ തന്നെ ഇത് ആളില്ലാ വിമാനങ്ങളിലും (യുഎവി) യുദ്ധവിമാനങ്ങളിലും ഉപയോഗിക്കുന്നത് കാര്യമായ സാമ്പത്തികബാധ്യതയുണ്ടാക്കുന്നില്ല. ആറാം തലമുറ യുദ്ധവിമാന നിർമാണത്തിലും ഇതു നിർണായകമാകും.
പറന്നുയരുമ്പോൾ ചിറക് വളയും
ഈ സാങ്കേതികവിദ്യ വിമാനങ്ങൾക്ക് മികച്ച എയ്റോഡൈനാമിക് കാര്യക്ഷമത, ഇന്ധനക്ഷമത, പറക്കലിലെ അനായാസത , ഒപ്പം റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന "സ്റ്റെൽത്ത്' ശേഷികൾ നൽകും. പരമ്പരാഗത ഹൈഡ്രോളിക്, ഇലക്‌ട്രോ മെക്കാനിക്കൽ ആക്യുവേറ്ററുകളിൽ നിന്ന് ഷേപ്പ് മെമ്മറി അലോയികൾ (എസ്എംഎ) എന്ന വിഭാഗത്തിൽപ്പെടുന്ന ഭാരം കുറഞ്ഞ ലോഹങ്ങളിലേക്ക് മാറുക എന്നതാണ് ഈ നവീകരണത്തിന്‍റെ കാതൽ. ചൂടാക്കുമ്പോൾ ചുരുങ്ങുകയും തണുക്കുമ്പോൾ വികസിക്കുകയും ചെയ്യുന്നവയാണ് എസ്എംഎകൾ.
ഡിആർഡിഒ പരീക്ഷിച്ച ചിറകിന്‍റെ ഘടനയിൽ മുന്നിലെ അഗ്രം 45 ഡിഗ്രി ചരിവിൽ മുറിച്ച രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സവിശേഷത മൂലം വിമാനത്തെ നിയന്ത്രിക്കുന്ന എസ്എംഎ ആക്ച്വേറ്ററുകൾ ചുരുങ്ങുമ്പോൾ ചിറകിന്‍റെ മുൻഭാഗം സ്വാഭാവികമായി താഴേക്ക് വളയുന്നു. ഇതു വിമാനത്തിന് പറന്നുയരാൻ ആവശ്യമായ ബലം നൽകാനും അഭ്യാസപ്രകടനങ്ങൾക്കും സഹായിക്കും. എസ്എംഎ തണുക്കുമ്പോൾ, ചിറക് പഴയപടി നിവരും. ഇതു സാധാരണഗതിയിലുള്ള സഞ്ചാരത്തിനു യോഗ്യമായ നിലയിലേക്കു വിമാനത്തെ തിരികെയെത്തിക്കും.
അതിവേഗം രൂപമാറ്റം
രൂപമാറ്റത്തിന്‍റെ വേഗമാണ് ആഗോള തലത്തിൽ ഈ സാങ്കേതിക വിദ്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഡിആർഡിഒയുടെ പരീക്ഷണത്തിൽ 0.17 സെക്കൻഡിൽ വിമാനച്ചിറകിന്‍റെ രൂപമാറ്റം പൂർത്തിയാക്കി. യുദ്ധസാഹചര്യങ്ങളിൽ അനായസമായും അതിവേഗത്തിലും രൂപമാറ്റം വരുത്താനുള്ള ശേഷി ഇത് അനുവദിക്കുന്നെന്നും അധികൃതർ.