കൃഷി ഭവനിലെ നൂറ്റാണ്ടിലേറെ പഴക്കമുള്ള മുസ്‌ലിം പള്ളി പൊളിക്കണം; ഡൽഹി ഹൈക്കോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ

സർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ മതകേന്ദ്രം നിലനിർത്തുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ സ്വത്തിന്‍റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി
Krishi Bhavan

കൃഷി ഭവൻ

Updated on: 

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്‍റെ ആസ്ഥാനമാ‍യ കൃഷിഭവൻ വളപ്പിലുള്ള നൂറ്റാണ്ടിലേറെ പഴക്കമുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യണമെന്ന് കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയിൽ. സർക്കാർ ഓഫീസ് സമുച്ചയത്തിനുള്ളിൽ മതകേന്ദ്രം നിലനിർത്തുന്നത് അനുവദിക്കാനാവില്ലെന്നും സർക്കാർ സ്വത്തിന്‍റെ മതേതര സ്വഭാവത്തിന് വിരുദ്ധമാണെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനും ശാസ്ത്രിഭവനും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കോമൺ സെൻട്രൽ സെക്രട്ടേറിയറ്റിന്‍റെ നാലും അഞ്ചും കെട്ടിടങ്ങൾ നിർമിക്കാനാണ് പദ്ധതി. ദേശീയ പ്രാധാന്യമുള്ള പൊതുപദ്ധതിയുടെ ഭാഗമായാണ് നിർമാണമെന്നും ഇതിനായി പദ്ധതിസ്ഥലത്തുള്ള ഖദീമി മസ്ജിദ് നീക്കം ചെയ്യേണ്ടതുണ്ടെന്നും കേന്ദ്രം അറിയിച്ചു.

കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആൻഡ് ഡെവലപ്‌മെന്‍റ് ഓഫീസ് ആണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. സർക്കാർ ഭൂമിയിൽ സ്ഥിരമായ മതപരമായ ആവശ്യങ്ങൾക്കായി സ്ഥലം നീക്കിവയ്ക്കാൻ അവകാശമില്ലെന്നും കേന്ദ്രം വാദിച്ചു. പള്ളിക്ക് സമീപം രണ്ട് കിലോമീറ്റർ ചുറ്റളവിൽ ഇന്ത്യാ ഗേറ്റിന് സമീപമുള്ള ഷാഹി മസ്ജിദ് സബ്ത ഗഞ്ച് പ്രവർത്തിക്കുന്നുണ്ടെന്നും പ്രാർഥനയ്ക്ക് സൗകര്യമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

1940 നവംബർ എട്ടിന് സർക്കാർ ജമാ മസ്ജിദ് മാനേജിങ് കമ്മിറ്റിയുടെ സെക്രട്ടറിയുമായി ഉണ്ടാക്കിയ കരാർ പ്രകാരം പള്ളി ഉപയോഗിക്കാൻ മാത്രമുള്ള അനുമതിയാണ് നൽകിയിരുന്നതെന്നും ഭൂമിയിൽ ഉടമസ്ഥാവകാശമോ മറ്റ് അവകാശങ്ങളോ അനുവദിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കൃഷിഭവൻ വളപ്പിൽ പള്ളിക്കായി പ്രത്യേക സ്ഥലം അനുവദിക്കാൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദപ്രകാരമുള്ള മതസ്വാതന്ത്ര്യത്തിന്‍റെ ലംഘനം ഇവിടെ ഉണ്ടാകുന്നില്ലെന്നും സർക്കാർ ഭൂമിയിലെ പ്രത്യേക സ്ഥലത്ത് തന്നെ ആരാധന നടത്തണമെന്ന് ആവശ്യപ്പെടാൻ മൗലികാവകാശം അനുവദിക്കുന്നില്ലെന്നും കേന്ദ്രം വാദിച്ചു. ജസ്റ്റിസ് അനീഷ് ദയാൽ അധ്യക്ഷനായ ബെഞ്ചിന്‍റെ നിർദേശപ്രകാരമാണ് കേന്ദ്രം മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.

പള്ളി പൊളിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിന് മുൻപ് അതിന്‍റെ നിലനിൽപ്പ് സംബന്ധിച്ച് നീതിപൂർവവും സുതാര്യവുമായ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പള്ളിയുടെ പരിപാലന സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൃഷിഭവന്‍റെയും ശാസ്ത്രിഭവന്‍റെയും പുനർവികസന പദ്ധതിയെ തടയണമെന്നല്ല തങ്ങളുടെ ആവശ്യമെന്നും പുതിയ കെട്ടിടങ്ങളിൽ പ്രാർഥനയ്ക്കായി സൗകര്യം ഒരുക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഹർജിക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പതിറ്റാണ്ടുകളായി സർക്കാർ ജീവനക്കാരും സമീപത്തെ ഓഫീസുകളിൽ ജോലി ചെയ്യുന്നവരും ഖദീമി മസ്ജിദിൽ പ്രാർഥന നടത്തുന്നുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. കേസ് നവംബർ 23ന് വീണ്ടും പരിഗണിക്കും.