തമിഴ്നാട്ടിൽ ഹിന്ദി പാട്ടുകൾ ഉൾപ്പെടെ നിരോധിക്കാൻ നീക്കം

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.
Move to ban Hindi songs in Tamil Nadu

എം.കെ. സ്റ്റാലിൻ

Updated on

ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.

സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ഒരു നിയമ നിര്‍മാണം പരിഗണനയില്‍ ഉണ്ടെന്ന സൂചനയാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്‍ നല്‍കുന്നത്. 'ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്‍ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കും.'- എളങ്കോവന്‍ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നാണ് സൂചന.

സര്‍ക്കാര്‍ നീക്കം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നുകഴിഞ്ഞു. നീക്കത്തെ മണ്ടത്തരം എന്നാണ് തമിഴ്‌നാട് ബിജെപി വിശേഷിപ്പിച്ചത്. ഭാഷയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കരുത് എന്നും ബിജെപി നേതാവ് വിനോജ് സെല്‍വം പ്രതികരിച്ചു. കരൂര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നേരിട്ട തിരിച്ചടികളില്‍ നിന്ന് ശ്രദ്ധമാറ്റാന്‍ ആണ് ഡിഎംകെയുടെ ശ്രമം എന്നും ബിജെപി ആരോപിച്ചു.

ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ സമയത്തും ഡിഎംകെ വിഷയം പ്രചരണായുധമാക്കിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നിന്നും രൂപയുടെ ലോഗോ മാറ്റി തമിഴ് അക്ഷരം ഉപയോഗിച്ചതും വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com