

കപിൽ സിബൽ
ന്യൂഡൽഹി: പ്രത്യേക തീവ്രപരിശോധന (എസ്‌ഐആർ) നടപടിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ രൂക്ഷമായി വിമർശിച്ച് രാജ്യസഭാംഗവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ. സാധുവായ വോട്ടുകൾ നീക്കംചെയ്യുകയും അസാധുവായ വോട്ടുകൾ കൂട്ടിച്ചേർക്കുകയും ചെയ്യുന്ന ‘പ്രത്യേക തീവ്ര നീക്കം’ ആണ് നടക്കുന്നതെന്ന് സിബൽ ആരോപിച്ചു. മുൻ എസ്ഐആർ രേഖകളിൽ പേരില്ലാത്തതിനെ തുടർന്ന് കപിൽ സിബലിനും ഭാര്യയ്ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.
ബിജെപിയെ അധികാരത്തിൽ നിലനിർത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ലക്ഷ്യമെങ്കിൽ പിന്നെ എന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് കപിൽ സിബൽ ചോദിച്ചു. “മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാർ ആ കസേരയിൽ ഇരിക്കുന്നത് എന്തിനാണ്? എന്ത് അടിസ്ഥാനത്തിലാണ് അദ്ദേഹം ഇതെല്ലാം ചെയ്യുന്നത്? എന്തുകൊണ്ടാണ് അദ്ദേഹത്തെ ഇത് ചെയ്യാൻ അനുവദിക്കുന്നത്?”- ഞായറാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കപിൽ സിബൽ ചോദിച്ചു.
കരട് വോട്ടർപട്ടികയിൽ തന്‍റെ പേര് ഉണ്ടായിരുന്നിട്ടും തനിക്ക് നോട്ടീസ് നൽകിയത് ഞെട്ടിച്ചെന്ന് കപിൽ സിബൽ പറഞ്ഞു. നിലവിലെ വോട്ടർപട്ടികയിലും മുൻ എസ്‌ഐആർ സമയത്ത് തയ്യാറാക്കിയ വോട്ടർപട്ടികയിലും പിതാവിന്‍റെയോ സ്വന്തം പേരിലോ ഉള്ള വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് നോട്ടീസിൽ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
“ആർക്കാണ് നോട്ടീസ് നൽകേണ്ടത്, ആർക്കാണ് നൽകേണ്ടാത്തത് എന്നതുപോലും പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിക്കുന്നത്. ഞങ്ങളെപ്പോലുള്ള, പൊതുപ്രവർത്തകരായ ആളുകൾക്ക് ഇത് സംഭവിക്കുന്നുണ്ടെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും? അവർ ഇതെങ്ങനെ നേരിടും?”- കപിൽ സിബൽ ചോദിച്ചു.
തനിക്ക് അയച്ച നോട്ടീസിന്‍റെ പകർപ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “എനിക്ക് പകർപ്പില്ല. ഇവിടെ അത് നൽകിയിട്ടില്ല, എന്‍റെ ഓഫീസിലും ലഭിച്ചിട്ടില്ല. ഇതിനെക്കുറിച്ച് അറിഞ്ഞില്ലായിരുന്നെങ്കിൽ, സമാനമായ നോട്ടീസുകൾ അയച്ച് എന്‍റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തേനേ. പിന്നീട് സുപ്രീം കോടതിയിൽ പോയി ‘എന്‍റെ പേര് നീക്കം ചെയ്യരുത്’ എന്ന് അപേക്ഷിക്കേണ്ടിവരും''- കപിൽ സിബൽ പറഞ്ഞു. വ്യാജമായി സൃഷ്ടിച്ച വോട്ടർമാരെ പട്ടികയിൽ ചേർക്കുകയും സാധുവായ വോട്ടർമാരെ നീക്കം ചെയ്യുകയും ചെയ്യുന്ന ‘പ്രത്യേക തീവ്ര കൂട്ടിച്ചേർക്കലും’ നടക്കുന്നതായി അദ്ദേഹം ആരോപിച്ചു.